ആലത്തൂർ: വിവാഹ വാഗ്‌ദാനം നൽകി തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോയി കവർച്ച ചെയ്‌ത സംഘത്തിലെ നാലുപേരെ അറസ്‌റ്റ് ചെയ്‌തു. കഞ്ചിക്കോട് സ്വദേശി ബിമൽ എന്ന ബിതീഷ്‌കുമാർ (44), തിരുപ്പൂർ സ്വദേശികളായ വിഗ്‌നേഷ് (23), മണികണ്‌ഠൻ (25), പ്രകാശൻ (40) എന്നിവരെയാണ് ആലത്തൂർ പോലീസ് തിരുപ്പൂരിൽ നിന്ന് പിടികൂടിയത്.
വിവാഹ പരസ്യം പത്രത്തിൽ കൊടുത്ത ചാറ്റിലഞ്ചേരി കടമ്പിടി നൊച്ചിക്കാട്ടിൽ രാമകൃഷ്‌ണൻ, സുഹൃത്ത് പ്രവീൺ എന്നിവരെ വധുവിന്റെ വീട്ടുകാരെന്ന വ്യാജേന ഫോൺ ചെയ്‌ത് തിരുപ്പൂരിലേക്ക് പെണ്ണ് കാണാനെന്ന പേരിൽ വിളിച്ചുവരുത്തിയാണ് കവർച്ച നടത്തിയത്.
ഏപ്രിൽ ഒന്നിനാണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്. തിരുപ്പൂരിൽ ഒരു വീട്ടിൽ കൊണ്ടുപോയി കത്തികാട്ടി ഭീഷണിപ്പെടുത്തി രാമകൃഷ്‌ണന്റെ കഴുത്തിലെ 5 പവൻ മാല, കൈയിലെ ഒരു പവൻ മോതിരം, പ്രവീണിന്റെ കൈയിലെ കൈയിലെ ഒരു പവൻ മോതിരവും 40,000 രൂപയും കവർച്ച ചെയ്‌തെന്നാണ് കേസ്.
ആലത്തൂർ ഡിവൈഎസ്‌പി സിആർ സന്തോഷിന്റെ നേതൃത്വത്തിൽ ഇൻസ്‌പെക്‌ടർ ടിഎൻ ഉണ്ണികൃഷ്‌ണൻ, എസ്ഐ ജിഷ് മോൻ വർഗീസ്, സീനിയർ സിപിഒമാരായ സുനിൽ കുമാർ, ബ്‌ളെസൺ ജോസ്, ഷംസുദ്ധീൻ, സിപിഒമാരായ ജയൻ, ദീപക്, സ്‌ക്വാഡ് അംഗങ്ങളായ കൃഷ്‌ണദാസ്, രാജീദ്, വിനു എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്.
Read also: താലൂക്ക് ആശുപത്രിയിൽ കോവിഡ് ചികിൽസ മാത്രം; മറ്റ് രോഗികൾ വലയുന്നതായി പരാതി