കോഴിക്കോട്: സാഹിത്യകാരൻ എംടി വാസുദേവൻ നായരുടെ വീട്ടിൽ നടന്ന മോഷണക്കേസിൽ അഞ്ചുപേർ പോലീസ് കസ്‌റ്റഡിയിൽ. എംടിയുടെ വീട്ടിൽ ജോലി ചെയ്‌തിരുന്നവർ ഉൾപ്പടെയുള്ളവരെയാണ് ഇന്നലെ രാത്രി നടക്കാവ് പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. ഇവരെ ചോദ്യം ചെയ്‌ത് വരികയാണ്.
നടക്കാവ് കൊട്ടാരം റോഡിലെ ‘സിതാര’യിൽ നിന്നാണ് 26 പവൻ സ്വർണം മോഷണം പോയത്. എംടിയും ഭാര്യയും വീട്ടിൽ ഇല്ലാത്ത സമയത്താണ് മോഷണം നടന്നതെന്നാണ് സൂചന. കഴിഞ്ഞ മാസം 22നും 30നും ഇടയിലാണ് സംഭവം. കഴിഞ്ഞ ദിവസം വീട്ടിലെത്തി അലമാര പരിശോധിച്ചപ്പോഴാണ് മോഷണം നടന്നതായി മനസിലായത്. തുടർന്ന് വെള്ളിയാഴ്‌ച രാത്രിയോടെ നടക്കാവ് പോലീസിൽ പരാതി നൽകുകയായിരുന്നു.
കുടുംബവുമായി അടുത്തിടപഴകിയവരെ പോലീസ് ചോദ്യം ചെയ്‌തതിന് പിന്നാലെയാണ് ജോലിക്കാരെ കസ്‌റ്റഡിയിൽ എടുത്തത്. സ്വർണ മാലകൾ, വള, കമ്മലുകൾ, ഡയമണ്ട് പതിച്ച കമ്മലുകൾ, മരതകം പതിച്ച ലോക്കറ്റ് എന്നിവയടക്കം 15 ലക്ഷത്തോളം രൂപയുടെ ആഭരണങ്ങളാണ് നഷ്‌ടമായത്.
പല ഘട്ടങ്ങളിലായി മോഷണം നടന്നതായാണ് കുടുംബം മൊഴി നൽകിയിരിക്കുന്നത്.വിരലടയാള വിദഗ്‌ധരും ഡോഗ് സ്‌ക്വാഡും സ്‌ഥലത്തെത്തി പരിശോധന നടത്തി. ഉന്നത പോലീസ് ഉദ്യോഗസ്‌ഥരും സ്‌ഥലത്തെത്തി. നടക്കാവ് സിഐ എൻ പ്രജീഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
Most Read| ജലത്തിൽ തെളിയുന്ന മഴവിൽക്കാഴ്‌ച; ഈ ചതുപ്പുകാട് മനസിന് കുളിർമയേകും