മൂന്നാം തരംഗ മുന്നൊരുക്കം; കനിവ് 108 ആംബുലന്‍സുകളും സജ്‌ജം

By Desk Reporter, Malabar News
Kaniv 108 ambulances are ready
Ajwa Travels

തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗം മുന്നില്‍ കണ്ട് ചികിൽസാ സംവിധാനങ്ങള്‍ക്ക് പുറമേ കനിവ് 108 ആംബുലന്‍സുകള്‍ കൂടി സജ്‌ജമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. നിലവില്‍ 290 ആംബുലന്‍സുകളാണ് കോവിഡ് അനുബന്ധ സേവനങ്ങള്‍ നല്‍കുന്നത്. എന്നാല്‍ മൂന്നാം തരംഗം മുന്നില്‍കണ്ട് നിരത്തിലോടുന്ന 316 കനിവ് 108 ആംബുലന്‍സുകളേയും 1500 ജീവനക്കാരേയും സജ്‌ജമാക്കിയാതായി മന്ത്രി പറഞ്ഞു.

ഏതെങ്കിലുമൊരു സാഹചര്യം ഉണ്ടായാല്‍ മുഴുവന്‍ 108 ആംബുലന്‍സുകളും കോവിഡ് അനുബന്ധ സേവനങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന സംവിധാനവും ഒരുക്കിയിട്ടുണ്ട്. അതേസമയം കോവിഡിതര സേവനങ്ങള്‍ക്കും പ്രാധാന്യം നല്‍കും. കേസുകളുടെ ആവശ്യകതയനുസരിച്ച് 108 ആംബുലന്‍സിന്റെ കണ്‍ട്രോള്‍ റൂം ഇതിനനുസരിച്ച് ക്രമീകരണം നടത്തുമെന്നും മന്ത്രി വ്യക്‌തമാക്കി.

സംസ്‌ഥാനത്ത് ഇതുവരെ 4,29,273 പേര്‍ക്കാണ് കനിവ് 108 ആംബുലന്‍സുകള്‍ കോവിഡ് അനുബന്ധ സേവനങ്ങള്‍ നല്‍കിയത്. 2020 ജനുവരി 29 മുതലാണ് കോവിഡ് അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കനിവ് 108 ആംബുലന്‍സുകളുടെ സേവനം ലഭ്യമാക്കി തുടങ്ങിയത്. 19 മാസം പിന്നിടുമ്പോള്‍ 3,11,810 കോവിഡ് അനുബന്ധ ട്രിപ്പുകളാണ് നടത്തിയത്. കണ്‍ട്രോള്‍ റൂം ജീവനക്കാരായ എമര്‍ജന്‍സി റെസ്‌പോണ്‍സ് ഓഫിസർമാര്‍, ആംബുലന്‍സ് ജീവനക്കാരായ എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യൻമാർ, പൈലറ്റുമാര്‍ എന്നിവരുടെ കൂട്ടായ പ്രയത്‌നമാണ് ഇതിന് പിന്നില്‍.

പാലക്കാട് ജില്ലയിലാണ് ഏറ്റവും അധികം ആളുകള്‍ക്ക് സേവനം നല്‍കിയത്. ഇവിടെ 81427 ആളുകള്‍ക്ക് കോവിഡ് അനുബന്ധ സേവനങ്ങള്‍ എത്തിക്കാന്‍ കനിവ് 108 ആംബുലന്‍സുകള്‍ക്ക് കഴിഞ്ഞു. തിരുവനന്തപുരം- 39615, കൊല്ലം- 29914, പത്തനംതിട്ട- 14169, ആലപ്പുഴ- 11534, കോട്ടയം- 24718, ഇടുക്കി- 12477, എറണാകുളം- 23465, തൃശൂര്‍- 35488, മലപ്പുറം- 46906, കോഴിക്കോട്- 33876, വയനാട്- 19646, കണ്ണൂര്‍- 29658, കാസർഗോഡ്- 26380 എന്നിങ്ങനെയാണ് മറ്റ് ജില്ലകളില്‍ കോവിഡ് അനുബന്ധ സേവനം ലഭ്യമാക്കിയവരുടെ കണക്കുകള്‍.

ഈ കാലയളവില്‍ കോവിഡ് ബാധിതരായ മൂന്ന് യുവതികളുടെ പ്രസവം കനിവ് 108 ആംബുലന്‍സ് ജീവനക്കാരുടെ പരിചരണത്തില്‍ ആംബുലന്‍സിനകത്ത് നടന്നിരുന്നു. കൂടാതെ നിലവില്‍ കോഴിക്കോട് നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളിലും കനിവ് 108 ആംബുലന്‍സുകളുടെ സേവനം ലഭ്യമാക്കി വരികയാണ്. ഇതിനായി നാല് കനിവ് 108 ആംബുലന്‍സുകള്‍ കോഴിക്കോട് വിന്യസിച്ചിട്ടുണ്ട്. 30 ട്രിപ്പുകളില്‍ നിന്നായി 38 ആളുകള്‍ക്ക് നിപ അനുബന്ധ സേവനം ഒരുക്കാന്‍ കനിവ് 108 ആംബുലന്‍സുകള്‍ക്ക് സാധിച്ചുവെന്നും മന്ത്രി പറഞ്ഞു.

Most Read:  കെകെ ശിവരാമന് പരസ്യ ശാസന; സംസ്‌ഥാന കൗൺസിൽ തീരുമാനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE