തിരുവനന്തപുരം: മന്ത്രിസ്‌ഥാനം ഒഴിയേണ്ടി വരുമെന്ന അഭ്യൂഹങ്ങൾക്കിടെ നിലപാട് വ്യക്‌തമാക്കി എകെ ശശീന്ദ്രൻ. മുഖ്യമന്ത്രി പറഞ്ഞാൽ മാത്രമേ മന്ത്രിസ്‌ഥാനം ഒഴിയൂ എന്ന് എകെ ശശീന്ദ്രൻ പറഞ്ഞു. മന്ത്രിയായി ഇപ്പോഴും ഓഫീസിൽ തന്നെയുണ്ട്. സ്‌ഥാനം ഇപ്പോൾ ഒഴിയേണ്ട കാര്യമില്ല. മന്ത്രിമാറ്റം എന്നത് മാദ്ധ്യമങ്ങളിൽ വരുന്ന കാര്യമാണെന്നും ശശീന്ദ്രൻ പറഞ്ഞു.
ശശീന്ദ്രന് പകരം കുട്ടനാട് എംഎൽഎ തോമസ് കെ തോമസിന് അവസരം നൽകണമെന്ന തരത്തിൽ എൻസിപിയിൽ ചർച്ചകൾ സജീവമായിരിക്കെയാണ് മന്ത്രിയുടെ പ്രതികരണം. മന്ത്രി സ്‌ഥാനത്ത് നിന്ന് നീക്കിയാൽ എംഎൽഎ സ്‌ഥാനം രാജിവെക്കുമെന്ന നിലപാടിലാണ് ശശീന്ദ്രൻ. കഴിഞ്ഞ ദിവസം പാർട്ടി ഉപസമിതിയുമായുള്ള ചർച്ചയിലും വഴങ്ങില്ലെന്ന സൂചനയാണ് മന്ത്രി നൽകിയത്.
രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ എത്തിയപ്പോൾ തന്നെ ശശീന്ദ്രന് പകരം, തന്നെ മന്ത്രിയാക്കണമെന്ന ആവശ്യവുമായി തോമസ് കെ തോമസ് പാർട്ടിയിൽ കലാപം തുടങ്ങിയിരുന്നു. ഇതോടെ, രണ്ടരവർഷം കഴിഞ്ഞ് മാറണമെന്ന ഉപാധി വെച്ചു. അതിനും ശശീന്ദ്രൻ വഴങ്ങിയില്ല. സംസ്‌ഥാന അധ്യക്ഷൻ പിസി ചാക്കോയുടെയും മുതിർന്ന നേതാക്കളുടെയും പിന്തുണയായിരുന്നു ശശീന്ദ്രന്റെ പിടിവള്ളി.
എന്നാൽ, അടുത്തിടെ ശശീന്ദ്രൻ ക്യാംപിനെ ഞെട്ടിച്ച് തോമസ് കെ തോമസുമായി പിസി ചാക്കോ അടുക്കുകയായിരുന്നു. ഇതോടെയാണ്, തോമസ് കെ തോമസ് മന്ത്രി സ്‌ഥാനത്തിന് വേണ്ടിയുള്ള നീക്കം കടുപ്പിച്ചത്. ഭൂരിപക്ഷം ജില്ലാ അധ്യക്ഷൻമാരുടെ പിന്തുണ കൂടി നേടിയാണ് തോമസിന്റെ ശശീന്ദ്രനെതിരായ പടയൊരുക്കം.
രണ്ടരവർഷമെന്ന കരാർ നിലവിലില്ലെന്ന് ഇതുവരെ പറഞ്ഞ സംസ്‌ഥാന നേതൃത്വം ഇപ്പോൾ തിരക്കിട്ട് തന്നോട് ഒഴിയാൻ പറയുന്നതിൽ അനീതിയുണ്ടെന്നാണ് ശശീന്ദ്രന്റെ നിലപാട്. പാർട്ടി തീരുമാനം എന്ന നിലയിൽ ദേശീയ അധ്യക്ഷൻ പറഞ്ഞാൽ അംഗീകരിക്കും. ആ സാഹചര്യം വന്നാൽ നിയമസഭാ അംഗത്വം കൂടി ഒഴിയാനാണ് ശശീന്ദ്രൻ ആഗ്രഹിക്കുന്നത്. എന്നാൽ ഉപസമിതിക്ക് ഇതിനോട് യോജിപ്പില്ല.
പാർട്ടിയിലെ പ്രശ്‌നങ്ങളും ചർച്ചകളും സംസ്‌ഥാന അധ്യക്ഷൻ പിസി ചാക്കോ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. എന്നാൽ, മന്ത്രിസ്‌ഥാനം എൻസിപിയുടെ ആഭ്യന്തര കാര്യമാണെന്നാണ് മുഖ്യമന്ത്രി ചാക്കോയെ അറിയിച്ചത്. തോമസ് കെ തോമസിന് ഒരുവർഷത്തേക്കെങ്കിലും മന്ത്രി പദവി നൽകണമെന്ന് പാർട്ടിയുടെ പല ജില്ലാ ഭാരവാഹികളും ആവശ്യമുയർത്തിയിട്ടുണ്ട്.
Most Read| ‘മുഖ്യമന്ത്രിമാർ രാജാക്കൻമാർ അല്ല’; വിവാദ നിയമനത്തിൽ സുപ്രീം കോടതി