കീവ്: റഷ്യയുടെ ആക്രമണം ഏത് നിമിഷവും പ്രതീക്ഷിച്ചിരിക്കുന്ന യുക്രെയ്‌നിലെ ഇന്ത്യക്കാർക്ക് മുന്നറിയിപ്പ് നൽകി ഇന്ത്യൻ എംബസി. യുദ്ധഭീഷണി നിലനിൽക്കുന്നതിനാൽ അത്യാവശ്യ കാര്യങ്ങൾ ഇല്ലാത്തവരും വിദ്യാർഥികളും ഉടൻ തന്നെ യുക്രെയ്‌ൻ വിടണമെന്ന് കീവിലെ ഇന്ത്യൻ എംബസി നിർദ്ദേശിച്ചു.
അതേസമയം, ബുധനാഴ്‌ച റഷ്യ ആക്രമിച്ചേക്കുമെന്ന പ്രസ്‌താവന യുക്രെയ്‌ൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കി തിരുത്തി. പരാമർശം രാജ്യാന്തര തലത്തിൽ വലിയ ചർച്ചകൾക്ക് ഇടയാക്കിയതിന് പിന്നാലെയാണ് നടപടി. ആക്രമണ സാധ്യതകളെ കുറിച്ചുള്ള മാദ്ധ്യമ വാർത്തകൾ പരാമർശിക്കുക മാത്രമാണ് ചെയ്‌തതെന്ന് പ്രസിഡണ്ട് വ്യക്‌തമാക്കി.
യുക്രെയ്ന്റെ തലസ്‌ഥാനമായ കീവിലെ എംബസി അമേരിക്ക അടച്ചിരുന്നു. ശേഷിക്കുന്ന നയതന്ത്ര ഉദ്യോഗസ്‌ഥരെ പടിഞ്ഞാറൻ യുക്രെയ്‌നിലെ ലിവിവ് നഗരത്തിലേക്ക് മാറ്റുകയും ചെയ്‌തു. ജോ ബൈഡനും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും 40 മിനിറ്റ് ഫോണിൽ ചർച്ച നടത്തിയിരുന്നു. അതിർത്തിയിൽ വലിയ തോതിൽ സൈനിക വിന്യാസം നടത്തുമ്പോഴും ആക്രമണത്തിന് ഉദ്ദേശിച്ചിട്ടില്ലെന്നാണ് റഷ്യ ആവർത്തിക്കുന്നത്.
ചർച്ചക്ക് തയ്യാറാണെന്നും റഷ്യ വ്യക്‌തമാക്കിയിട്ടുണ്ട്. യുക്രെയ്‌ൻ സന്ദർശനം പൂർത്തിയാക്കി നയതന്ത്ര ചർച്ചകൾക്കായി ജർമൻ ചാൻസലർ ലാഫ് ഷോൾസ് ഇന്ന് മോസ്‌കോയിൽ എത്തി റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുടിനുമായി കൂടിക്കാഴ്‌ച നടത്തും.
Also Read: വിവാദ വെളിപ്പെടുത്തൽ; മൊഴി നൽകാൻ സാവകാശം തേടി സ്വപ്‌ന സുരേഷ്