കൊച്ചി: തൃക്കാക്കര നഗരസഭയില്‍ ചെയര്‍പേഴ്സണ്‍ ഓണക്കോടിയോടൊപ്പം കൗൺസിലർമാർക്ക് 10,000 രൂപയും നൽകിയെന്ന പരാതിയില്‍ വിജിലന്‍സ് അന്വേഷണത്തിന് അനുമതി. എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് ത്വരിതാന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. കേസില്‍ എഫ്ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌ത് അന്വേഷണം നടത്താനാണ് വിജിലന്‍സ് ഡയറക്‌ടർ നിർദ്ദേശിച്ചിരിക്കുന്നത്.
കഴിഞ്ഞമാസമാണ് നഗരസഭാധ്യക്ഷ അജിത തങ്കപ്പന്‍ കൗണ്‍സിലര്‍മാര്‍ക്ക് ഓണക്കോടിക്കൊപ്പം പതിനായിരം രൂപ നല്‍കിയ സംഭവത്തില്‍ അന്വേഷണമാവശ്യപ്പെട്ട് തൃക്കാക്കര നഗരസഭയിലെ എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ വിജിലന്‍സ് ഡയറക്‌ടര്‍ക്ക് പരാതി നല്‍കിയത്.
പരാതിയുടെ അടിസ്‌ഥാനത്തിൽ ഡയറക്‌ടറുടെ നിര്‍ദ്ദേശപ്രകാരം വിജിലന്‍സ് എറണാകുളം യൂണിറ്റ് ത്വരിതാന്വേഷണം നടത്തുകയും പരാതിയില്‍ കഴമ്പുണ്ടെന്ന് ചൂണ്ടിക്കാട്ടി റിപ്പോര്‍ട് സമര്‍പ്പിക്കുകയും ആയിരുന്നു.
അതേസമയം മുഖ്യമന്ത്രിയുടെ അനുമതികൂടി ലഭിക്കുന്ന മുറയ്‌ക്ക് പ്രത്യേക സംഘം രൂപീകരിച്ച് കേസില്‍ അന്വേഷണമാരംഭിക്കും.
കഴിഞ്ഞ മാസം 17നാണ് പരാതിക്കാധാരമായ സംഭവം നടക്കുന്നത്. നഗരസഭാ ചെയര്‍പേഴ്സണ്‍ അജിതാ തങ്കപ്പന്‍ കൗണ്‍സിലര്‍മാരെ തന്റെ ചേംബറിലേക്ക് വിളിപ്പിച്ച് വാര്‍ഡുകളില്‍ വിതരണം ചെയ്യാനായി 15 ഓണക്കോടി വീതം നല്‍കി. ഇതോടൊപ്പം ഉണ്ടായിരുന്ന കവറിൽ പതിനായിരം രൂപയുമുണ്ടായിരുന്നു.
ഇതിന് പിന്നാലെയാണ് ഓരോ കൗണ്‍സിലര്‍മാര്‍ക്കും പതിനായിരം രൂപ വീതം നല്‍കാനുള്ള തുക എവിടെ നിന്നു ലഭിച്ചുവെന്നത് ദുരൂഹമാണെന്നും ഇതേക്കുറിച്ച് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ഇടത് കൗണ്‍സിലര്‍മാര്‍ വിജിലന്‍സിന് പരാതി നല്‍കിയത്. നഗരസഭയില്‍ നടക്കുന്ന അഴിമതിക്ക് ലഭിച്ച കമ്മീഷന്‍ തുകയുടെ പങ്കാണ് കൗണ്‍സിലര്‍മാര്‍ക്ക് വിതരണം ചെയ്യാന്‍ ശ്രമിച്ചതെന്നാണ് പരാതിയിലെ ആരോപണം.
Most Read: നാര്‍ക്കോട്ടിക് ജിഹാദ് വിവാദം അടഞ്ഞ അധ്യായം; എകെ ബാലന്‍