തൃശൂർ: പൂരം ചടങ്ങുകൾ അലങ്കോലമായ സംഭവത്തിൽ പ്രശ്‌നപരിഹാരത്തിനായി ആംബുലൻസിൽ വന്നതിന് കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ പോലീസ് കേസെടുത്തു. തൃശൂർ ഈസ്‌റ്റ് പോലീസാണ് കേസെടുത്തത്. ഐപിസി ആക്‌ട്, മോട്ടോർ വാഹന നിയമത്തിലെ വകുപ്പുകൾ എന്നിവ ഉൾപ്പെടുത്തിയാണ് എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്.
രോഗികളെ മാത്രം കൊണ്ടുപോകാൻ അനുമതിയുള്ള ആംബുലൻസ്, മനുഷ്യന് ജീവഹാനി വരാൻ സാധ്യതയുള്ള വിധത്തിൽ ജനത്തിരക്കിനിടയിലൂടെ ഓടിച്ചെന്നാണ് കേസ്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 279,34 വകുപ്പുകൾ, മോട്ടോർ വാഹന നിയമത്തിലെ 179,184,188,192 വകുപ്പുകൾ പ്രകാരം ഇന്ന് പുലർച്ചെയാണ് സുരേഷ് ഗോപിക്കെതിരെ കേസെടുത്തിരിക്കുന്നത്.
സുരേഷ് ഗോപിക്കൊപ്പം ഉണ്ടായിരുന്ന അഭിജിത്ത് നായർ, ആംബുലൻസ് ഡ്രൈവർ എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. അഭിഭാഷകനായ തൃശൂർ പുല്ലഴി സ്വദേശി സുമേഷ് ഭാവദാസ് തൃശൂർ സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിലാണ് നടപടി. ഇന്നലെ രാത്രിയാണ് പരാതി ലഭിച്ചതെന്നും എഫ്‌ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
നേരത്തെ ആംബുലൻസിൽ പൂരനഗരിയിലേക്ക് വന്നത് സുരേഷ് ഗോപി നിഷേധിച്ചിരുന്നെങ്കിലും, ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഇത് സമ്മതിക്കേണ്ടി വന്നിരുന്നു. കാലിന് വയ്യായിരുന്നുവെന്നും ആളുകൾക്കിടയിലൂടെ നടക്കാൻ സാധിക്കാതെ വന്നതോടെ രാഷ്‌ട്രീയമില്ലാത്ത ചെറുപ്പക്കാർ എടുത്താണ് തന്നെ ആംബുലൻസിൽ കയറ്റിയതെന്നും സുരേഷ് ഗോപി പറഞ്ഞു.
സേവാഭാരതിയുടെ ആംബുലൻസിന്റെ മുൻസീറ്റിൽ ഇരുന്ന് സുരേഷ് ഗോപി വന്നിറങ്ങുന്ന ദൃശ്യങ്ങളാണ് പ്രചരിച്ചിരുന്നത്. പൂരം നിലയ്‌ക്കാതിരിക്കാൻ തിരുവമ്പാടി ദേവസ്വം പ്രതിനിധികളുമായി ചർച്ച നടത്താൻ പൂരനഗരിയിലേക്ക് ആദ്യമെത്തിയ നേതാക്കളിലൊരാൾ സുരേഷ് ഗോപിയായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങൾ മൂലം വിശ്രമത്തിലായിരുന്ന സുരേഷ് ഗോപി പൂരത്തിന്റെ മറ്റു ചടങ്ങുകളിലൊന്നും പങ്കെടുത്തിരുന്നില്ലെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. എന്നാൽ, താൻ ആംബുലൻസിൽ വന്നിറങ്ങിയത് മായക്കാഴ്‌ച എന്നായിരുന്നു സുരേഷ് ഗോപി നേരത്തെ പറഞ്ഞിരുന്നത്.
Most Read| സ്വപ്‌നങ്ങൾക്ക് നിറം പകർന്ന് അമ്മ; ട്രിപ്പിൾ ഗോൾഡ് മെഡൽ തിളക്കത്തിൽ അനഘ