പുൽപ്പള്ളി: ജനവാസ മേഖലയിലിറങ്ങി ആടിനെ കൊന്നുതിന്ന കടുവയെ പിടിക്കുന്നതിനായി കൂട് സ്‌ഥാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. അമരക്കുനിയിലെ ജോസഫിന്റെ ആടിനെയാണ് കടുവ കൊന്നത്. അതേസമയം, പ്രദേശവാസികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയതായി വനംവകുപ്പ് ഉദ്യോഗസ്‌ഥർ അറിയിച്ചു.
ഒറ്റയ്‌ക്ക് പുറത്തിറങ്ങരുതെന്നും അതീവ ജാഗ്രത പുലർത്തണമെന്നുമാണ് നിർദ്ദേശം നൽകിയത്. കടുവ പരിസരത്ത് തന്നെ ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. കഴിഞ്ഞദിവസം രാത്രിയാണ് ആടിനെ കടുവ കൊന്നുതിന്നത്. വനംവകുപ്പ് ഉദ്യോഗസ്‌ഥർ പരിശോധന നടത്തി കടുവയാണെന്ന് പ്രാഥമിക നിഗമനത്തിൽ എത്തിയിരുന്നു.
അതേസമയം, നാട്ടുകാർ ഭീതിയിലാണ്. കാപ്പി, കുരുമുളക് ഉൾപ്പടെയുള്ളവയുടെ വിളവെടുപ്പായതിനാൽ പുറത്തിറങ്ങാതിരിക്കാൻ ആവില്ലെന്നാണ് കർഷകർ പറയുന്നത്. യഥാസമയം വിളവ് എടുത്തില്ലെങ്കിൽ കൃഷി നശിച്ചുപോകുമെന്നും ഇവർ പറയുന്നു. ഇതേ സ്‌ഥലത്ത് കഴിഞ്ഞവർഷവും കടുവ ഇറങ്ങിയിരുന്നതായും നാട്ടുകാർ പരാതിപ്പെട്ടു.
Most Read| വിദേശത്ത് നിന്ന് കൊച്ചിയിലേക്ക് പറന്നെത്തി ‘ഇവ’ എന്ന പൂച്ചക്കുട്ടി; കേരളത്തിലാദ്യം