ചെന്നൈ: പാര്‍ട്ടിയില്‍ ജനാധിപത്യമില്ലെന്ന് ആരോപിച്ച് രാജിവച്ച മക്കള്‍ നീതി മയ്യം വൈസ് പ്രസിഡണ്ട് ആര്‍ മഹേന്ദ്രനെതിരെ കമല്‍ ഹാസന്‍. ആര്‍ മഹേന്ദ്രനെ ‘വിശ്വാസവഞ്ചകൻ’ എന്ന് വിശേഷിപ്പിച്ച കമൽ ഹാസൻ, പാർട്ടിയിലെ ഒരു ‘പാഴ്‌ച്ചെടി’ സ്വയം ഒഴിഞ്ഞു പോയതിൽ സന്തോഷം ഉണ്ടെന്നും പറഞ്ഞു.
“കളത്തിൽ ശത്രുക്കളോടൊപ്പം വിശ്വാസവഞ്ചകരും ഉണ്ടെന്ന് ഞങ്ങൾക്ക് മനസിലായി. വിശ്വാസവഞ്ചകരെ ഒഴിവാക്കാൻ പാർട്ടിയിലെ അംഗങ്ങൾ ഏക സ്വരത്തിൽ പറഞ്ഞിരുന്നു. വിശ്വാസവഞ്ചകരിൽ ഒന്നാം സ്‌ഥാനത്ത് ഡോ. ആർ മഹേന്ദ്രൻ ഉണ്ടായിരുന്നു,”- കമൽ ഹാസൻ പറഞ്ഞു.
തന്റെ സത്യസന്ധത ഇല്ലായ്‌മക്കും കഴിവില്ലായ്‌മക്കും മറ്റുള്ളവരെ കുറ്റപ്പെടുത്താനും സഹതാപം നേടാനും മഹേന്ദ്രൻ ശ്രമിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. “സ്‌ഥാനത്ത് നിന്ന് പുറത്താക്കപ്പെടുമെന്ന കാര്യം മനസിലാക്കിയതോടെ അദ്ദേഹം ബുദ്ധിപൂർവം പിൻമാറി. താനൊരു ‘പാഴ്‌ച്ചെടി’ ആണെന്ന് തിരിച്ചറിയുകയും സ്വയം പിഴുത് മാറുകയും ചെയ്‌തതിൽ നിങ്ങളെപ്പോലെ ഞാനും സന്തുഷ്‌ടനാണ്, പാർട്ടിക്ക് ഇനി മികച്ച ദിനങ്ങൾ ഉണ്ടാകും,”- അദ്ദേഹം പറഞ്ഞു.
“ഏപ്രിൽ 6ന് നടന്ന തിരഞ്ഞെടുപ്പിനെ തമിഴ്‌നാട്ടിൽ മാറ്റം കൊണ്ടുവരാനുള്ള അവസരമായി കണ്ട് കാര്യക്ഷമമായി പ്രവർത്തിച്ചു. പരാജയം നേരിടുമ്പോൾ ഓടിപ്പോകുന്ന ഭീരുക്കളെക്കുറിച്ച് ഞങ്ങൾ ഒരിക്കലും ചിന്തിക്കുന്നില്ല. ഞങ്ങളുടെ പ്രത്യയശാസ്‌ത്രത്തിൽ നിന്ന് ഒരിക്കലും വ്യതിചലിക്കില്ല,” പാർട്ടി സ്‌ഥാപകൻ കൂടിയായ കമൽ ഹാസൻ കൂട്ടിച്ചേർത്തു.
കമല്‍ ഹാസന്‍ നയിക്കുന്ന പാര്‍ട്ടിയില്‍ ജനാധിപത്യമില്ലെന്ന് പറഞ്ഞുകൊണ്ടാണ് മക്കള്‍ നീതി മയ്യം വൈസ് പ്രസിഡണ്ട് സ്‌ഥാനത്ത് നിന്ന് ആര്‍ മഹേന്ദ്രന്‍ രാജിവച്ചത്. പാര്‍ട്ടിയിലെ മറ്റു മുതിര്‍ന്ന നേതാക്കളും രാജി സന്നദ്ധത അറിയിച്ചതോടെയാണ് ആര്‍ മഹേന്ദ്രനും പാർട്ടി വിട്ടത്. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും വൈസ് പ്രസിഡണ്ട് പദവിയില്‍ നിന്നും ഒഴിയുകയാണെന്നും പാര്‍ട്ടി അധ്യക്ഷന് നല്‍കിയ കത്തില്‍ മഹേന്ദ്രന്‍ വ്യക്‌തമാക്കി.
മുകളിലുള്ള കുറച്ച് ഉപദേശകരാണ് പാര്‍ട്ടിയെ നയിക്കുന്നതെന്നും കമല്‍ പാര്‍ട്ടിയുടെ ചക്രം തിരിക്കുന്നത് നല്ല രീതിയിലല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മഹേന്ദ്രന് പുറമെ, മറ്റു മുതിര്‍ന്ന നേതാക്കളായ എജി മൗര്യ, സികെ കുമാരവേല്‍, ഉമാദേവി, എം മുരുകാനന്ദന്‍ എന്നിവരും രാജിക്കത്ത് സമര്‍പ്പിച്ചതായി പാര്‍ട്ടിയുടെ ഔദ്യോഗിക പ്രസ്‌താവനയില്‍ പറഞ്ഞു.
Also Read: വി മുരളീധരന് നേരെ ആക്രമണം; 8 പേർ പിടിയിൽ; 3 പോലീസുകാർക്ക് സസ്‌പെൻഷൻ