കൊൽക്കത്ത: ബംഗാളിൽ കേന്ദ്രമന്ത്രി വി മുരളീധരനെ ആക്രമിച്ച സംഭവത്തിൽ 8 പേർ കസ്‌റ്റഡിയിൽ. മൂന്ന് പോലീസുകാരെ സസ്‌പെൻഡ് ചെയ്‌തു. സംഭവത്തിൽ പശ്‌ചിമ മേദിനിപൂർ എസ്‌പി ബംഗാൾ ഡിജിപിക്ക് റിപ്പോർട് നൽകി.
വെസ്‌റ്റ് മിഡ്‌നാപുരിലെ പഞ്ച്ഗുഡിയിൽ ആക്രമത്തിന് ഇരയായ ബിജെപി പ്രവർത്തകനെ സന്ദർശിച്ച് മടങ്ങുന്നതിടെയാണ് മന്ത്രി സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണമുണ്ടായത്. തൃണമൂൽ ഗുണ്ടകൾ വടികളും കല്ലുമായി ആക്രമിക്കുകയായിരുന്നു എന്ന് മന്ത്രി പറയുന്നു. ആക്രമണത്തിൽ കാറിന്റെ ചില്ലുകൾ തകരുകയും ഒപ്പമുണ്ടായിരുന്ന പേഴ്‌സണൽ സ്‌റ്റാഫിന് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. പോലീസ് നിസ്സഹായരായി നോക്കി നിൽക്കുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
അക്രമത്തിന് ഇരയായ ബിജെപി പ്രവർത്തകരെ കാണാൻ ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയുടെ നേതൃത്വത്തിലാണ് വി മുരളീധരൻ ഉൾപ്പെട്ട സംഘം മെയ് 4ന് ബംഗാളിൽ എത്തിയത്. സംഭവത്തെ തുടർന്ന് കേന്ദ്രമന്ത്രിയുടെ സന്ദർശനം വെട്ടിച്ചുരുക്കി.
അതേസമയം, തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെയുണ്ടായ ആക്രമണങ്ങളെ കുറിച്ച് അന്വേഷിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയ സമിതി ബംഗാളിലെത്തി. 16 പേർ കൊല്ലപ്പെട്ടതായി മുഖ്യമന്ത്രി മമതാ ബാനർജി അറിയിച്ചു. അന്വേഷണത്തിനായി സംസ്‌ഥാനത്തെത്തുന്ന കേന്ദ്രമന്ത്രിമാർ ആർടിപിസിആർ പരിശോധന നടത്തി കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി വരണമെന്നും മമത അറിയിച്ചു.
Also Read: ലോക്ക്ഡൗണിലും വാക്‌സിനേഷൻ മുടങ്ങരുത്; സംസ്‌ഥാനങ്ങളോട് പ്രധാനമന്ത്രി