നോയിഡ: ഗ്രേറ്റര്‍ നോയിഡയില്‍ വൈദ്യുതി ട്രാന്‍സ്‌ഫോര്‍മറിന് തീ പിടിച്ചതിനെ തുടര്‍ന്ന് 42 ഗ്രാമങ്ങളില്‍ വൈദ്യുതി തടസപ്പെട്ടു. ദൻകൗർ കോട്വാലി പ്രദേശത്ത് സ്‌ഥിതി ചെയ്യുന്ന റബുപുര നഗരത്തിലെ ട്രാൻസ്‌ഫോർമറാണ് കത്തിനശിച്ചത്.
വ്യാഴാഴ്‌ച ആയിരുന്നു സംഭവം. അപകടത്തെക്കുറിച്ച് അറിഞ്ഞ് അഗ്‌നിശമന സേന എത്തിയപ്പോഴേക്കും ട്രാന്‍സ്‌ഫോര്‍മര്‍ പൂര്‍ണമായും കത്തിനശിച്ചു. രണ്ട് മണിക്കൂറോളം പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.
ഷോർട് സർക്യൂട് മൂലമാണ് തീപ്പിടുത്തം ഉണ്ടായതെന്നും പിന്നാലെ ട്രാൻസ്‌ഫോർമറിൽ പുക പടർന്നതായും അല്‍പ സമയത്തിനകം തീ ആളിപ്പടര്‍ന്നെന്നും വൈദ്യുതി വകുപ്പ് ജീവനക്കാരൻ പറഞ്ഞു. അപകടത്തിന് പിന്നാലെ 42 ഗ്രാമങ്ങളാണ് ഇരുട്ടിലായത്. വൈദ്യുതിയും വെള്ളവുമില്ലാതെ നൂറു കണക്കിനാളുകളാണ് ദുരിതത്തിലായത്.
റബുപുരയ്‌ക്ക് ചുറ്റുമുള്ള മിക്കവാറും എല്ലാ ഗ്രാമങ്ങളെയും വൈദ്യുതി തടസം സാരമായി ബാധിച്ചിട്ടുണ്ടെന്ന് ജെവാർ എംഎൽഎ ധീരേന്ദ്ര സിംഗ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട് ചെയ്‌തു.
അതേസമയം പ്രാരംഭ അന്വേഷണത്തിൽ ട്രാൻസ്‌ഫോർമറിൽ ചില ആന്തരിക തകരാറുകൾ കണ്ടെത്തിയെന്ന് നോയിഡയിലെ പശ്‌ചിമഞ്ചൽ വിദ്യുത് വിത്രൻ നിഗം ലിമിറ്റഡിന്റെ (പിവിവിഎൻഎൽ) ചീഫ് സോണൽ എഞ്ചിനീയർ വിഎൻ സിംഗ് അറിയിച്ചു.
Most Read: യുപിയിൽ എല്ലാ മദ്രസകളിലും ദേശീയഗാനം നിര്‍ബന്ധമാക്കാൻ നിർദ്ദേശം