തിരുവനന്തപുരം : കോവിഡ് വ്യാപനം മൂലം ഇത്തവണ ഉണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഭക്‌തരിൽ നിന്നും സഹായം സ്വീകരിക്കാൻ തീരുമാനിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഇതിനായി തയ്യാറാക്കുന്ന പദ്ധതി ഫെബ്രുവരിയിൽ ആരംഭിക്കുമെന്നും, സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുന്നതിനായി അന്യസംസ്‌ഥാനങ്ങളിലെ ഭക്‌തരോടും, സർക്കാരിനോടും സഹായം അഭ്യർഥിക്കുമെന്നും ദേവസ്വം ബോർഡ് വ്യക്‌തമാക്കി.
കോവിഡ് വ്യാപനം മൂലം ശബരിമലയിൽ ഇത്തവണ വരവ് കുറഞ്ഞതാണ് ബോർഡിനെ പ്രതിസന്ധിയിലാക്കാൻ കാരണമായത്. ഭക്‌തരുടെ എണ്ണത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണം മൂലം ശബരിമലയിൽ ഇത്തവണ ഉണ്ടായത് വലിയ സാമ്പത്തിക നഷ്‌ടമാണ്. ഇതോടെ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള 1248 ക്ഷേത്രങ്ങളിലെ നിത്യനിദാനവും ജീവനക്കാരുടെ ശമ്പളവും ബുദ്ധിമുട്ടിലായി. പ്രതിമാസം ഏകദേശം 40 കോടി രൂപ ഈയിനങ്ങളിൽ ബോർഡിന് ചിലവാകും. എന്നാൽ ഇത്തവണത്തെ സാമ്പത്തിക പ്രതിസന്ധി മൂലം ഇക്കാര്യങ്ങൾ പരുങ്ങലിലായി. തുടർന്നാണ് ഇപ്പോൾ ഭക്‌തരിൽ നിന്നും സഹായം സ്വീകരിക്കാനുള്ള തീരുമാനത്തിൽ എത്തിയിരിക്കുന്നത്.
ശബരിമലയിൽ ഇത്തവണ 92 ശതമാനത്തിന്റെ വരുമാന നഷ്‌ടമാണ് ഉണ്ടായിരിക്കുന്നത്. നടവരവും മറ്റിനങ്ങളിലുമായി ആകെ ലഭിച്ചത് വരവ് 21 കോടി രൂപ മാത്രം. കഴിഞ്ഞ വർഷം 269 കോടി രൂപ ലഭിച്ച സ്‌ഥാനത്താണ് ഈ തകർച്ച ഉണ്ടായത്. സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്തു സർക്കാർ ഇതിനോടകം തന്നെ 70 കോടി രൂപ ബോർഡിന് നൽകിയിട്ടുണ്ട്. എന്നാൽ അധികമായി ഇനിയും പണം ആവശ്യപ്പെടാനുള്ള തീരുമാനത്തിലാണ് ബോർഡ്. ഒപ്പം തന്നെ സ്വർണ്ണ ഉരുപ്പടികൾ പണയം വച്ചും, താൽക്കാലിക ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചും ഇപ്പോൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള നീക്കങ്ങളും ബോർഡിന്റെ ഭാഗത്ത് നിന്നും നടക്കുന്നുണ്ട്.
Read also : പശ്‌ചിമ ബംഗാള്‍ വനംവകുപ്പ് മന്ത്രി രജീബ് ബാനര്‍ജി രാജിവെച്ചു.