കണ്ണൂർ: കുന്നോത്ത് ആദിവാസി കുടുംബത്തിനു സർക്കാർ പണിതു നൽകിയ വീട് പൊളിച്ചു മാറ്റിയതായി പരാതി. ക്രഷർ ഉടമകളാണ് ഇതിന് പിന്നിലെന്ന് ആരോപിച്ച് വീടിന്റെ അവകാശികളും വനവാസി അവകാശ സംരക്ഷണ സമിതി ഭാരവാഹികളും രംഗത്ത് എത്തി. സമീപത്തു പ്രവർത്തനം ആരംഭിക്കാൻ ലക്ഷ്യമിട്ട ക്രഷറിന് അനുമതി ലഭിക്കാൻ വീട് തടസമാകുമെന്ന കാരണത്താലാണ് തകർത്തത് എന്നാണ് പരാതിയിൽ പറയുന്നത്.
ജനുവരി 22ന് പായം പഞ്ചായത്തിലെ കുന്നോത്തുള്ള ജാനുവിന്റെ വീടാണ് മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് ഇടിച്ചുപൊളിച്ചത്. സംഭവത്തിൽ ജാനുവിന്റെ ബന്ധുക്കളായ പവിത്രൻ, മിനി, അച്യുതൻ, ജാനുവിനെ പരിചരിച്ച വാസന്തി എന്നിവർ പോലീസിലും പായം പഞ്ചായത്തിലും ട്രൈബൽ ഓഫീസിലും പരാതി നൽകിയെങ്കിലും ഇതുവരെ നടപടി ഉണ്ടായില്ലെന്ന് അവർ ആരോപിച്ചു.
വീട് പൊളിച്ചു നീക്കിയതിനെതിരെ നടപടി ഉണ്ടായില്ലെങ്കിൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കേരള വനവാസി അവകാശ സംരക്ഷണ സമിതി ജില്ലാ പ്രസിഡണ്ട് ശങ്കരൻ തില്ലങ്കേരി, സെക്രട്ടറി സുമേഷ് കോളാരി, സംയോജകൻ സുശാന്ത് നരിക്കോടൻ, തകർന്ന വീടിന്റെ അവകാശികളായ മിനി പവിത്രൻ, അച്ചുതൻ, സുധാകരൻ എന്നിവർ വ്യക്‌തമാക്കി.
Malabar News: പരിസ്‌ഥിതി ലോല പ്രദേശമാക്കാനുള്ള തീരുമാനത്തിന് എതിരെ വയനാട്ടിലെ ഇടത്, വലത് മുന്നണികൾ