വയനാട്: ചിതലയം റേഞ്ചിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി സ്‌ത്രീ കൊല്ലപ്പെട്ടു. കാട്ടുനായ്‌ക്ക കോളനിയിലെ ബസവി എന്ന ശാന്തയാണ് മരിച്ചത്. ചിതലയം റേഞ്ചിലെ കോളനിയോട് ചേർന്നുള്ള വനത്തിൽ വിറക് ശേഖരിക്കാൻ പോയപ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്.
ബസവിയുടെ സഹോദരിക്കും കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇന്ന് വൈകിട്ട് നാലരയോടെയാണ് സംഭവം. ചിതലയം റേഞ്ചിലെ മൂഴിമല പുതിയേടത്ത് കാട്ടുനായ്‌ക്ക കോളനിയോട് ചേർന്നുള്ള വനത്തിൽ വിറക് ശേഖരിക്കാൻ പോയ മൂന്ന് പേരെയാണ് കാട്ടാന ആക്രമിച്ചത്.
ബസവിയുടെ സഹോദരി മാച്ചിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒപ്പമുണ്ടായിരുന്ന സഹോദരൻ ബൈരൻ ഓടിരക്ഷപ്പെട്ടു. ഇന്നലെയും പ്രദേശത്ത് കാട്ടാന ശല്യം ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. മരിച്ച ബസവിയുടെ മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
Most Read: പിവി അൻവർ എംഎൽഎയെ അറസ്‌റ്റ് ചെയ്യണം; പികെ ഫിറോസ്