‘ദൃശ്യം 2′വിന് ശേഷം മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ‘ട്വല്‍ത് മാന്റെ’ പോസ്‌റ്റ് പ്രൊഡക്ഷൻ വർക്കുകൾ പൂർത്തിയായി. ജീത്തു ജോസഫ് തന്നെയാണ് ഇക്കാര്യം സമൂഹ മാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്.
ചിത്രത്തിന്റെ പോസ്‌റ്റ് പ്രൊഡക്ഷൻ വർക്കുകളുടെ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരൂമ്പാവൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.
കഴിഞ്ഞ വർഷം ഓഗസ്‍റ്റിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. 24 മണിക്കൂറിനുള്ളില്‍ നടക്കുന്ന ഒരു കഥയാണ് ചിത്രം പറയുന്നത്. ഒരു ലൊക്കേഷന്‍ തന്നെയാണ് സിനിമയില്‍ കൂടുതലും ഉള്ളതെന്നാണ് വിവരം.
അതേസമയം സിനിമ ഒടിടി റിലീസ് ആയിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. കെആര്‍ കൃഷ്‌ണകുമാറാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. സതീഷ് കുറുപ്പ് ഛായാഗ്രാഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ കലാസംവിധായകൻ രാജീവ് കോവിലകമാണ്. ചിത്രത്തിന് ഈണം പകരുന്നത് അനില്‍ ജോണ്‍സണാണ്.
അനുശ്രീ, അദിതി രവി, ഷൈന്‍ ടോം ചാക്കോ, സൈജു കുറുപ്പ്, വീണ നന്ദകുമാര്‍, ശിവദ നായര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Most Read: വധ ഗൂഢാലോചന കേസ്; ദിലീപിന്റെ സുഹൃത്ത് ശരത്തിനെ ചോദ്യം ചെയ്യുന്നു