കിഴക്കമ്പലം: തദ്ദേശ തിരഞ്ഞെടുപ്പിൽ മികച്ച നേട്ടം കൈവരിച്ചതിന് പിന്നാലെ അടുത്ത വർഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിലും മൽസരിക്കുമെന്ന് ട്വന്റി ട്വന്റി ജനകീയ കൂട്ടായ്‌മ. ഇത്തവണ മൽസരിച്ച നാല് പഞ്ചായത്തുകളിലും ഭരണമുറപ്പിച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം. കിഴക്കമ്പലം ആസ്‌ഥാനമായുള്ള ട്വന്റി ട്വന്റി ജനകീയ കൂട്ടായ്‌മയുടെ ചീഫ് കോ ഓർഡിനേറ്റർ സാബു ജേക്കബാണ് വിവരം അറിയിച്ചത്.
കിഴക്കമ്പലത്തിന് പിന്നാലെ ഐക്കരനാട്, കുന്നത്തുനാട്, മഴുവന്നൂർ പഞ്ചായത്തുകളിലും ട്വന്റി ട്വന്റിയുടെ തകർപ്പൻ മാച്ച് തുടർന്നു. ഐക്കരനാട് പഞ്ചായത്തിൽ പ്രതിപക്ഷം പോലുമില്ലാതെ 14 സീറ്റുകളും പാർട്ടി തൂത്തുവാരി.
അന്ന-കിറ്റക്‌സ് ഗ്രൂപ്പിന്റെ സിഎസ്ആർ സംരംഭമാണ് ട്വന്റി ട്വന്റിയെന്ന വിമർശനങ്ങളെ സാബു ജേക്കബ് തള്ളി. ട്വന്റി ട്വന്റി പ്രവർത്തനം ആരംഭിച്ചത് 2012ൽ ആണെന്നും അന്ന് സിഎസ്ആർ ബില് പാസായിട്ട് പോലുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ട്വന്റി ട്വന്റിയുടെ പഞ്ചായത്ത് ഭരണവും സിആർഎസും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്തിന്റെ ഫണ്ട് അഴിമതിയില്ലാതെ കാര്യക്ഷമമായി ഉപയോഗിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഐക്കരനാട് പഞ്ചായത്തിലെ 14 വാർഡുകളിലും അഞ്ഞൂറും അറുനൂറും വോട്ടിനാണ് ട്വന്റി ട്വന്റി വിജയിച്ചത്. മഴുവന്നൂർ പഞ്ചായത്തിൽ 19 വാർഡുകളിൽ മൽസരിച്ചു. അതിൽ 11 വാർഡുകളിലും വിജയം നേടി. ഈ മൂന്ന് പഞ്ചായത്തുകളിലെയും ഭരണം ഏറ്റെടുക്കുമെന്ന് സാബു ജേക്കബ് പറഞ്ഞു. വടവുകോട് പഞ്ചായത്തിൽ 7 ഡിവിഷനുകളിലേക്ക് മൽസരിച്ചതിൽ ആറിലും ജയിച്ചു. ഇവിടെ ആകെ 13 ഡിവിഷനുകളാണ് ഉള്ളത്.
Also Read: പത്തനംതിട്ടയില്‍ മികച്ച വിജയം നേടി ‘മോഡി’