ഭിണ്ട്: മധ്യപ്രദേശിലെ ഭിണ്ടിൽ സാനിറ്റൈസർ കുടിച്ച് രണ്ടുപേർ മരിച്ചു. ഒരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ചതുർവേദി നഗറിൽ നിന്നുള്ള മൂന്ന് പേരാണ് തിങ്കളാഴ്‌ച രണ്ട് കുപ്പി സാനിറ്റൈസർ കുടിച്ചത്.
മദ്യം ലഭിക്കാത്തതിനെ തുടർന്നാണ് ഇവർ സാനിറ്റൈസർ കുടിച്ചതെന്നാണ് പോലീസ് പറയുന്നത്. ‘മദ്യവിൽപ്പന ശാലകൾ ഇന്നലെ അടച്ചിരുന്നു. സാനിറ്റൈസർ ഇറ്റാവയിൽ നിന്നോ മറ്റേതെങ്കിലും സ്‌ഥലത്തു നിന്നോ വാങ്ങിയതാകാം,’ ഭിണ്ട് പോലീസ് സൂപ്രണ്ട് മനോജ് സിംഗ് പറഞ്ഞു.
കൂടാതെ തങ്ങൾ പിടിച്ചെടുത്ത കുപ്പിയിൽ ചൈനീസ് നിർമിത എഥനോൾ കണ്ടെത്തിയിട്ടുണ്ടെന്നും അതിൽ ഏതാണ്ട് 100 ശതമാനം ആൽക്കഹോൾ അടങ്ങിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. മാത്രവുമല്ല ഇതിന്റെ 20 മില്ലി ഉപഭോഗം പോലും മാരകമാണെന്ന് ഡോക്‌ടർമാർ വ്യക്‌തമാക്കിയതായും പോലീസ് പറഞ്ഞു. ഇരു കുപ്പികളിലും 500 മില്ലിയോളം സാനിറ്റൈസറാണ് ഉണ്ടായിരുന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് എസ്‌പി കൂട്ടിച്ചേർത്തു.
Read Also: ‘കോവിഡ് വാക്‌സിനേഷന്റെ ഗുണഫലം രണ്ട് മാസം കൊണ്ട് സംസ്‌ഥാനത്തുണ്ടാകും’; കെകെ ശൈലജ