പാലക്കാട്: ജൈനിമേട് ഇഎസ്‌ഐ ആശുപത്രിയിൽ അതിക്രമിച്ച് കയറി സൂപ്രണ്ടിനെ ഉപരോധിക്കുകയും സ്‌ത്രീത്വത്തെ അപമാനിക്കുകയും ചെയ്‌തെന്ന കേസിൽ സിപിഎം സംസ്‌ഥാന സമിതി അംഗവും മുൻ എംപിയുമായ എൻഎൻ കൃഷ്‌ണദാസ്, അന്ന് ഡിവൈഎഫ്ഐ ജില്ലാ നേതാവായിരുന്ന അലക്‌സാണ്ടർ ജോസ് എന്നിവർക്ക് കോടതി ഒന്നര വർഷം തടവും 5,000 രൂപ പിഴയും വിധിച്ചു. ജുഡീഷ്യൽ ഫസ്‌റ്റ് ക്‌ളാസ് (രണ്ട്) മജിസ്‌ട്രേറ്റ് എം മനീഷാണ് ശിക്ഷ വിധിച്ചത്.
2015ൽ ആണ് കേസിനാസ്‌പദമായ സംഭവം നടന്നത്. ഭിന്നശേഷിക്കാർക്ക് ഇഎസ്‌ഐ ആശുപത്രിയിൽ നിന്ന് സർട്ടിഫിക്കറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് ഇരുവരുടെയും നേതൃത്വത്തിൽ സൂപ്രണ്ടിനെ ഉപരോധിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡിഷണൽ പബ്ളിക് പ്രോസിക്യൂട്ടർ എംഎ മുഹമ്മദ് ഷാജിത്ത് ഹാജരായി. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന മറ്റൊരു കേസിൽ അലക്‌സാണ്ടർ ജോസിന് ആറുമാസം തടവും അയ്യായിരം രൂപ പിഴയും വിധിച്ചിട്ടുണ്ട്.
Most Read: കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ സെൽ പുനഃസംഘടിപ്പിച്ചു