അബുദാബി: യുഎഇയിൽ ഡെലിവറി ബോയ്‌സിന് ലൈസൻസ് നൽകാനുള്ള നിബന്ധനകളിൽ മാറ്റം വരുത്താൻ തീരുമാനം. ഇതിന്റെ ഭാഗമായി ലൈസൻസ് ലഭിക്കുന്നതിന് വേണ്ടിയുള്ള പരിശീലന സമയം 20 മണിക്കൂറായി ഉയർത്തി. കൂടാതെ രാത്രി പരിശീലനവും നിർബന്ധമാക്കിയതായി അധികൃതർ വ്യക്‌തമാക്കി.
നേരത്തെ 15 മണിക്കൂർ പരിശീലനമായിരുന്നു ഡെലിവറി ബോയ്‌സിന്റെ ലൈസൻസ് ലഭിക്കുന്നതിന് വേണ്ടിയിരുന്നത്. ഇതാണ് ഇപ്പോൾ 20 മണിക്കൂറായി ഉയർത്തിയത്. കൂടാതെ രാത്രി രണ്ട് മണിക്കൂർ എങ്കിലും പരിശീലനം നടത്തണമെന്നതും നിർബന്ധമാണ്. ഡെലിവറി വാഹനങ്ങൾ അപകടത്തിൽ പെടുന്നത് വർധിച്ചതിനെ തുടർന്നാണ് ഇപ്പോൾ നിബന്ധനകളിൽ മാറ്റം വരുത്താൻ തീരുമാനിച്ചത്.
ഡെലിവറി സ്‌ഥാപനത്തിൽ നിന്ന് അറിയിപ്പ് ലഭിക്കുന്നത്, ഉപഭോക്‌താക്കളുടെ ഓർഡർ സ്വീകരിക്കുന്നത്, ഭക്ഷണമെത്തിക്കുന്നത്, ഡെലിവറി ബോക്‌സുകൾ ബൈക്കിൽ സ്‌ഥാപിക്കുന്നത്, ഉൽപന്നങ്ങൾ ബോക്‌സിൽ വെക്കുന്നത് തുടങ്ങിയവയെല്ലാം പരിശീലനത്തിൽ ഉൾപ്പെടും. ഡെലിവറി കമ്പനിയോ തൊഴിലുടമയോ മുഖേനയാണ് ഇവരെ ഡ്രൈവിംഗ് ഇൻസ്‌റ്റിറ്റ്യൂട്ടുകളിലേക്ക് അയക്കുന്നത്.
Read also: ഓൺലൈൻ ഗെയിം കളിച്ച് പണം നഷ്‌ടമായി; യുവാവ് ആത്‍മഹത്യ ചെയ്‌ത നിലയിൽ