ന്യൂഡെല്‍ഹി: രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ദീപാവലി ഉൾപ്പെടെയുള്ള ഉൽസവങ്ങളും ആഘോഷങ്ങളുമുള്ള അടുത്ത രണ്ടു മാസങ്ങള്‍ അതീവ നിര്‍ണായകമാണെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ അറിയിച്ചു. കേരളത്തില്‍ പരിശോധന കൂട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഹോം ഐസൊലേഷനില്‍ കഴിയുന്നവരുടെ നിരീക്ഷണം വളരെ ശക്‌തമാക്കണമെന്നാണ് കേന്ദ്രം സംസ്‌ഥാനത്തോട് ആവശ്യപ്പെടുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം. കാരണം കേരളത്തില്‍ എണ്‍പതു ശതമാനത്തോളം കോവിഡ് ബാധിതര്‍ ഹോം ഐസൊലേഷനിലാണ് കഴിയുന്നത്. അവര്‍ മറ്റുള്ളവരുമായി ബന്ധപ്പെടുന്നോ എന്ന ആശങ്കയാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി ഇന്ന് പങ്കുവെച്ചത്.
നിലവില്‍ രാജ്യത്ത് ചികിൽസയിലുള്ള കോവിഡ് ബാധിതരുടെ 51 ശതമാനവും കേരളത്തിലാണെന്നാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി അറിയിച്ചത്. സ്‌ഥിതി ഗൗരവതരമായതിനാല്‍ കേന്ദ്രം വിളിച്ചു ചേർത്ത ഉന്നതതല യോഗം ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല, സംസ്‌ഥാന ചീഫ് സെക്രട്ടറിയുമായി വിഷയത്തില്‍ ചര്‍ച്ച നടത്തി വരികയാണ്.
Kerala News: ശക്‌തമായ കാറ്റിന് സാധ്യത; മൽസ്യ തൊഴിലാളികള്‍ക്ക് കടലില്‍ പോകുന്നതിന് വിലക്ക്