‘അറിയപ്പെടാത്ത മൂന്നാമൻ’; ചാന്ദ്രദൗത്യം അപ്പോളോ 11ന്റെ സാരഥി മൈക്കിൾ കോളിൻസ് അന്തരിച്ചു

By Staff Reporter, Malabar News
ad-michael-collins-
Ajwa Travels

വാഷിംഗ്‌ടൺ: മനുഷ്യന്‍ ആദ്യമായി ചന്ദ്രനില്‍ കാലുകുത്തിയ അപ്പോളോ 11 ദൗത്യത്തിലെ പൈലറ്റായിരുന്ന മൈക്കിള്‍ കോളിന്‍സ് അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. മൈക്കിള്‍ കാന്‍സര്‍ ബാധിതനായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.

നാഷണല്‍ എയര്‍ ആന്റ് സ്‌പേസ് മ്യൂസിയത്തിന്റെ ഡയറക്‌ടറായി പ്രവര്‍ത്തിച്ചിരുന്ന കോളിന്‍സ്, ബഹിരാകാശവുമായി ബന്ധപ്പെട്ട നിരവധി പുസ്‌തകങ്ങളും രചിച്ചിരുന്നു.

പൊതുമണ്ഡലത്തില്‍ എപ്പോഴും മാറിനിന്ന അദ്ദേഹം 1974ല്‍ ചന്ദ്രദൗത്യത്തിലെ അനുഭവം പങ്കുവച്ചു കൊണ്ട് ‘Carrying the Fire’ എന്ന പേരില്‍ ആത്‌മകഥ എഴുതിയിരുന്നു. പലപ്പോഴും നീൽ ആംസ്‌ട്രോങ്ങിന്റെയും, ബസ് ആൽഡ്രിന്റെയും നിഴലിൽ ഒതുങ്ങിപ്പോയ കോളിൻസ് അതിൽ ദുഖിതനായിരുന്നില്ല.

1930ല്‍ യുഎസ് ആര്‍മി മേജര്‍ ജനറലിന്റെ മകനായി ജനിച്ച കോളിന്‍സ് പഠനത്തിന് ശേഷം എയര്‍ ഫോഴ്‌സില്‍ ടെസ്‌റ്റ് പൈലറ്റായി ജോലിക്ക് ചേര്‍ന്നു. നാസയുടെ ചാന്ദ്രദൗത്യത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ജെമിനി എക്‌സിലാണ് ആദ്യമായി ബഹിരാകാശത്തേക്ക് പോയത്. കോളിൻസിന്റെ രണ്ടാമത്തേതും അവസാനത്തേതുമായ ബഹിരാകാശയാത്രയായിരുന്നു അപ്പോളോ 11.

മൂന്ന് പേരുമായി നാസ ആരംഭിച്ച അപ്പോളോ 11 ദൗത്യത്തിന്റെ സാരഥിയായിരുന്നു മൈക്കിൾ കോളിൻസ്. 1969 ജൂലായ് 20ന് നീല്‍ ആംസ്‌ട്രോങ്ങും ബസ് ആല്‍ഡ്രിനും ചന്ദ്രനില്‍ ഇറങ്ങിയപ്പോള്‍ ബഹിരാകാശ വാഹനം നിയന്ത്രിച്ചിരുന്ന മൈക്കിള്‍ കോളിന്‍സ് മാത്രം ഇറങ്ങിയില്ല. നീല്‍ ആംസ്‌ട്രോങ്ങും ബസ് ആല്‍ഡ്രിനും തിരിച്ചെത്തുന്നതുവരെ, ഏകദേശം 21 മണിക്കൂറോളം ഒറ്റക്കായിരുന്നു മൈക്കിള്‍ അപ്പോളോ 11 നിയന്ത്രിച്ചത്.

ചന്ദ്രനില്‍ ആദ്യമായി കാലുകുത്തിയ നീല്‍ ആംസ്‌ട്രോങ്ങിനെ ലോകം മുഴുവന്‍ ആഘോഷിച്ചു. ബസ് എഡ്വിൻ ആല്‍ഡ്രിനും ഒരുപരിധി വരെ പ്രശസ്‌തി നേടാനായി. എന്നാല്‍ അതേ ദൗത്യത്തില്‍ സുപ്രധാന പങ്കുവഹിച്ച മൈക്കിള്‍ കോളിന്‍സ് എന്ന പേര് മാത്രം എവിടെയും രേഖപ്പെടുത്താതെ, ആരാലും ഓർക്കപ്പെടാതെ വിസ്‌മൃതിയിലാണ്ട് പോയി എന്നതാണ് സത്യം.

micheal-collins
അപ്പോളോ 11 ദൗത്യവേളയിൽ മൈക്കിൾ കോളിൻസ്

Forgotten Astronaut’ എന്നാണ് പലരും പിന്നീട് അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്. മൈക്കിള്‍ കോളിന്‍സിന്റെ മരണവാര്‍ത്തകളിലും പ്രധാനമായും ഇതേ പ്രയോഗം തന്നെയാണ് കടന്നുവരുന്നത്. പലപ്പോഴും പ്രശസ്‌തിയിൽ നിന്ന് അകന്നു നിൽക്കാനാണ് അദ്ദേഹം ശ്രമിച്ചിരുന്നതെന്ന് അടുപ്പമുള്ളവർ ചൂണ്ടികാണിക്കുന്നു.

മൈക്കിൾ കോളിന്‍സിന്റെ മരണത്തില്‍ അനുശോചിച്ചുകൊണ്ട് സഹയാത്രികനായിരുന്ന ബസ് എഡ്വിൻ ആല്‍ഡ്രിന്‍ എഴുതി, ‘പ്രിയപ്പെട്ട മൈക്ക്, നീ എവിടെയായിരുന്നാലും ഞങ്ങളെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാനുള്ള തീ നിന്റെ കയ്യിലുണ്ടാകുമെന്ന് ഉറപ്പാണ്.’

Read Also: കോവിഡ് പ്രതിരോധം; യുഎസിൽ നിന്നുള്ള ആദ്യ സഹായവിഹിതം വെള്ളിയാഴ്‌ചയ്‌ക്കകം എത്തും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE