ഉത്ര വധക്കേസ്; സൂരജിന്റെ ശിക്ഷാ വിധി ഇന്ന്

By Desk Reporter, Malabar News
Uthra murder case Verdict
Ajwa Travels

കൊല്ലം: അഞ്ചല്‍ ഉത്ര വധക്കേസിലെ പ്രതി സൂരജിന്റെ ശിക്ഷ ഇന്ന് പ്രഖ്യാപിക്കും. കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്‌ജി എം മനോജാണ് വിധി പറയുക. പാമ്പിനെ കൊണ്ട് കടിപ്പിച്ച് ഒരാളെ കൊലപ്പെടുത്തിയ കേസില്‍ രാജ്യത്ത് ശിക്ഷിക്കപ്പെടാന്‍ പോകുന്ന ആദ്യ പ്രതിയാണ് സൂരജ്. അന്വേഷണ ഉദ്യോഗസ്‌ഥരും പ്രോസിക്യൂഷനും തമ്മിലുളള ഏകോപനം ഉത്ര കേസിനെ ബലപ്പെടുത്തിയെന്നാണ് വിലയിരുത്തല്‍.

വിചിത്രവും പൈശാചികവും ദാരുണവുമായ കൊലപാതകം എന്നാണ് ഉത്ര കേസിനെക്കുറിച്ച് സ്‌പെഷ്യല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ ജി മോഹന്‍രാജ് കോടതിൽ പറഞ്ഞത്. പ്രതിയായ സൂരജിന് വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ വാദം. ഒരാളെ വധശിക്ഷക്ക് വിധിക്കണമെങ്കില്‍ അഞ്ച് ഘടകങ്ങളാണ് സുപ്രീം കോടതി അനുശാസിച്ചിട്ടുള്ളത്. ഇതില്‍ ഒരെണ്ണമുണ്ടെങ്കിലും പരിഗണിക്കാമെങ്കിലും നാലു ഘടകങ്ങള്‍ ഉത്രകേസില്‍ ഉണ്ടെന്നാണ് വിവരം.

തിങ്കളാഴ്‌ച കേസ് പരിഗണിച്ച കോടതി സൂരജ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. അപൂർവങ്ങളിൽ അപൂർവമായി പരിഗണിക്കാൻ വേണ്ട സാഹചര്യ തെളിവുകൾ കേസിനുണ്ടെന്ന നിരീക്ഷണത്തോടെയാണ് സൂരജിനെ കോടതി കുറ്റക്കാരനായി പ്രഖ്യാപിച്ചത്. 87 സാക്ഷികൾ നൽകിയ മൊഴികളും, 288 രേഖകളും 40 തൊണ്ടിമുതലുകളും അപഗ്രഥിച്ച ശേഷമാണ് കോടതി സൂരജിനെ കുറ്റക്കാരനായി പ്രഖ്യാപിച്ചത്. കുറ്റക്കാരനാണെന്ന് കേട്ടപ്പോഴും യാതൊരു ഭാവവ്യത്യസവുമില്ലാതെ കോടതി നടപടികളെ വീക്ഷിച്ച സൂരജിന് എന്ത് ശിക്ഷ കിട്ടുമെന്നാണ് കേരളം ഉറ്റുനോക്കുന്നത്.

പ്രതിക്ക് പരമാവധി ശിക്ഷ കിട്ടുമെന്ന പ്രതീക്ഷയിലാണ് ഉത്രയുടെ കുടുംബം. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 302 കൊലപാതകം, 307 വധശ്രമം, 328 വിഷമുള്ള വസ്‌തുവിനെ ഉപയോഗിച്ചുള്ള കൊലപാതകം, 201 തെളിവ് നശിപ്പിക്കൽ എന്നിവയാണ് സൂരജിന് എതിരായ കുറ്റങ്ങള്‍. കഴിഞ്ഞ വർഷം മെയ് ഏഴിനാണ് അഞ്ചല്‍ ഏറം സ്വദേശിനിയായ ഉത്രയെ അടൂര്‍ പറക്കോട് സ്വദേശിയായ ഭര്‍ത്താവ് സൂരജ് മൂർഖൻ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയത്.

സൂരജിന് പാമ്പുകളെ നല്‍കിയതായി മൊഴി നല്‍കിയ ചാവര്‍കാവ് സുരേഷിനെ ആദ്യം പ്രതിയും പിന്നീട് ഒന്നാം സാക്ഷിയുമാക്കി. ഭാര്യയെ കൊല്ലാന്‍ വേണ്ടിയാണ് സൂരജ് പാമ്പിനെ വാങ്ങിയതെന്ന് അറിയില്ലെന്ന് സുരേഷ് പറഞ്ഞത് അന്വേഷണ സംഘം പരിഗണിക്കുകയായിരുന്നു.

Most Read:  വിമാന സർവീസുകളുടെ നിയന്ത്രണങ്ങൾ പിൻവലിച്ചു; 18 മുതൽ പുനഃരാരംഭിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE