കോഴിക്കോട്: ജില്ലയിൽ ആദ്യ ഡോസ് വാക്‌സിനേഷൻ ഊർജിതമാക്കാൻ ആരോഗ്യ വകുപ്പിന്റെ തീരുമാനം. ഇതുപ്രകാരം, 18 വയസിന് മുകളിലുള്ള എല്ലാവർക്കും ഒരാഴ്‌ചയ്‌ക്കകം ആദ്യ ഡോസ് വാക്‌സിനേഷൻ പൂർത്തീകരിക്കാനാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്. ഇന്ന് മുതൽ ജില്ലയിൽ ആദ്യ ഡോസ് വാക്‌സിൻ എടുക്കാത്തവർക്കായിരിക്കും വാക്‌സിനേഷനിൽ മുൻഗണന നൽകുക. ജില്ലയിൽ ഇന്ന് ഒരുലക്ഷത്തോളം പേർക്ക് വാക്‌സിൻ വിതരണം ചെയ്യും.
കോവിഡ് പോർട്ടലിൽ വൈകീട്ട് ഏഴിന് ശേഷം വാക്‌സിൻ സ്‌ളോട്ടുകൾ ബുക്ക് ചെയ്യാൻ സാധിക്കും. ഇതിൽ 90 ശതമാനവും ആദ്യ ഡോസ് വാക്‌സിൻ എടുക്കാനുള്ളവർക്ക് മാത്രമേ ബുക്ക് ചെയ്യാൻ സാധിക്കൂ. അതേസമയം, ജില്ലയിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 2.5 ലക്ഷത്തോളം ഡോസ് വാക്‌സിൻ എത്തിയിട്ടുണ്ട്. ജില്ലയിൽ ഇതുവരെ 21.15 ലക്ഷംപേർ ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചിട്ടുണ്ട്. 18 വയസിന് മുകളിലുള്ള നാല് ലക്ഷത്തോളം പേരാണ് ഇനി വാക്‌സിൻ സ്വീകരിക്കാനുള്ളത്.
ഇതിൽ ഒന്നരലക്ഷം പേർ ജൂലൈയ്‌ക്ക് ശേഷം കോവിഡ് പോസിറ്റീവ് ആയവരാണ്. ഇവർക്ക് മൂന്ന് മാസം കഴിഞ്ഞാണ് വാക്‌സിൻ നൽകുക. അതേസമയം, ജില്ലയിലെ പത്തോളം പഞ്ചായത്തുകളിൽ ആദ്യ ഡോസ് വാക്‌സിനേഷൻ പൂർത്തിയായിട്ടുണ്ട്. ഈ നേട്ടം ജില്ലയിൽ മൊത്തം കൈവരിക്കാനുള്ള ഊർജിതമായ പ്രവർത്തനത്തിലാണ് ആരോഗ്യ വിഭാഗം. ജില്ലയിൽ ഇന്നലെ 1957 പേർക്കാണ് പുതുതായി രോഗം സ്‌ഥിരീകരിച്ചത്. 19.54 ശതമാനമാണ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്.
Read Also: കോവിഡ് വ്യാപനം; സംസ്‌ഥാനത്ത് ലക്ഷണങ്ങൾ ഇല്ലാത്തവരുടെ എണ്ണത്തിൽ വർധന