മലപ്പുറം: വന്ദേഭാരത് സ്‌റ്റേഷൻ പട്ടികയിൽ നിന്നും തിരൂരിനെ ഒഴിവാക്കിയതിനെതിരെ കേരള മുസ്‌ലിം ജമാഅത്ത്. ഇത് ഖേദകരവും ജില്ലയിലെ 45 ലക്ഷത്തിധികം വരുന്ന ജനങ്ങളോടുള്ള വിവേചനവും യാത്രാ സൗകര്യ നിഷേധവുമാണെന്നും പ്രതിഷേധ കുറിപ്പിൽ കേരള മുസ്‌ലിം ജമാഅത്ത് പറഞ്ഞു.
25ന് പ്രധാനമന്ത്രി ഉൽഘാടനം ചെയ്യുന്ന വന്ദേ ഭാരതിന് തിരൂരിൽ സ്‌റ്റോപ്പ് അനുവദിക്കാൻ ആവശ്യപ്പെട്ട് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാകമ്മിറ്റി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവിന് നിവേദനവും നൽകി. നേരത്തെ പരീക്ഷണ ഓട്ടത്തിൽ തിരുരിൽ സ്‌റ്റോപ് ഉണ്ടായിരുന്നു. എന്നാൽ, അന്തിമമായി ഇറക്കിയ സമയപ്പട്ടികയിൽ നിന്ന് തിരൂരിനെ ഒഴിവാക്കുകയാണ് ചെയ്‌തത്.
സംസ്‌ഥാനത്ത് ഏറ്റവും കൂടുതൽ ജനം വസിക്കുന്ന മലപ്പുറം ജില്ലയോടുള്ള അവഗണയാണ് ഇതെന്നും പ്രതിഷേധമുണ്ടെന്നും ഇന്ന് നൽകിയ നിവേദനത്തിൽ കേന്ദ്രം പരിഹാരം കാണുമെന്നാണ് പ്രതീക്ഷയെന്നും സംഘടനയുടെ ജില്ലാ പബ്‌ളിക് റിലേഷൻസ് സെക്രട്ടറി കെപി ജമാൽ കരുളായി പറഞ്ഞു. കേന്ദ്ര റയിൽവേ മന്ത്രിയെ കൂടാതെ ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്‌ഥർക്കും നിവേദനം നൽകിയതായും ഇദ്ദേഹം പറഞ്ഞു.
ആദ്യ പരീക്ഷണ ഓട്ടത്തില്‍ തിരൂരില്‍ വന്ദേഭാരതിന് സ്‌റ്റോപ്പ് ഉണ്ടായിരുന്നു. രണ്ടാമത്തെ തവണ നിർത്തിയിരുന്നില്ല. തിരൂരിനെ ഒഴിവാക്കിയത് മലപ്പുറത്തെ ജനങ്ങളോടുള്ള വിവേചനമാണെന്നും വിഷയത്തിൽ ശക്‌തമായ സമരം സംഘടിപ്പിക്കുമെന്നും കോൺഗ്രസും മുസ്‌ലിം ലീഗും സിപിഎമ്മും ഉൾപ്പടെയുള്ള രാഷ്‌ട്രീയ കക്ഷികളും പറഞ്ഞു.
സിപിഎം ഇന്ന് വൈകീട്ട് തിരൂരിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തുന്നുണ്ട്. യൂത്ത് കോൺഗ്രസും പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്. മലപ്പുറത്തെ പ്രധാനപ്പെട്ട സ്‌റ്റേഷനായിട്ടും ഇതുവഴി കടന്നു പോകുന്ന പല പ്രധാനപ്പെട്ട ട്രെയിനുകള്‍ക്കും തിരൂരില്‍ സ്‌റ്റോപ്പില്ലാത്തതും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടുന്നു.
MOST READ: ഒമ്പത് മാസം ഗർഭിണി; 5.17 മിനിറ്റിൽ ഒന്നരകിലോമീറ്റർ ഓടി മുപ്പതുകാരി