തിരുവനന്തപുരം: കൊച്ചി സ്‍മാർട്ട് സിറ്റി പദ്ധതിയിൽ നിന്ന് പ്രധാന പങ്കാളിയായ ടീകോം കമ്പനി (ദുബായ് ഹോൾഡിങ്‌സ്) പിൻമാറാനുള്ള തീരുമാനം അറിയിച്ചതിന് പിന്നാലെ, ഭൂമി തിരിച്ചുപിടിച്ച് കമ്പനിക്ക് നഷ്‌ടപരിഹാരം നൽകാനുള്ള സംസ്‌ഥാന സർക്കാരിന്റെ നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്ത്.
ആരോടും ചർച്ചയില്ലാതെയാണ് മന്ത്രിസഭ കൂടി തീരുമാനം എടുത്തതെന്നും ദുരൂഹതകൾ നിറഞ്ഞ തീരുമാനം ഇഷ്‌ടക്കാർക്ക് ഈ ഭൂമി നൽകാനുള്ള ഗൂഢനീക്കമാണെന്നും വിഡി സതീശൻ ആരോപിച്ചു. പദ്ധതി മുന്നോട്ടു പോകാതിരുന്നപ്പോൾ അതേക്കുറിച്ച് മുഖ്യമന്ത്രിയോ വ്യവസായ മന്ത്രിയോ അന്വേഷിച്ചോ എന്നും സതീശൻ ചോദിച്ചു.
”സ്‍മാർട്ട് സിറ്റി പദ്ധതി അവസാനിപ്പിക്കാനുള്ള തീരുമാനം വിചിത്രമാണ്. ആരാണ് ഇതിന്റെ ഉത്തരാവാദി? 90,000 പേർക്ക് ജോലി കൊടുക്കുന്ന സംരംഭം അട്ടിമറിക്കപ്പെട്ടു. ടീകോമിന് നഷ്‌ടപരിഹാരം കൊടുക്കാൻ പോകുന്നുവെന്ന് പറഞ്ഞാൽ, സർക്കാരിന് വീഴ്‌ച സംഭവിച്ചു എന്നല്ലേ അർഥം”- സതീശൻ ചോദിച്ചു.
”കഴിഞ്ഞ എട്ടുവർഷമായി പദ്ധതിക്ക് എന്താണ് സംഭവിച്ചത്. ഒരു മേൽനോട്ടവും സർക്കാർ നിർവഹിച്ചില്ല. മുഖ്യമന്ത്രിയോ വ്യവസായ മന്ത്രിയോ പദ്ധതിയെ കുറിച്ച് അന്വേഷിച്ചില്ല. ദുരൂഹതകൾ നിറഞ്ഞ നടപടിയാണ് സർക്കാരിന്റേത്. കോടിക്കണക്കിന് രൂപയുടെ ഭൂമിയാണ് തിരിച്ചുപിടിക്കുന്നത്. 248 ഏക്കർ ഭൂമി സ്വന്തക്കാർക്കും ഇഷ്‌ടക്കാർക്കും നൽകാനുള്ള ഗൂഢനീക്കമാണ് നടക്കുന്നത്”- സതീശൻ ആരോപിച്ചു.
ഭൂമി കച്ചവടമാണ് നടക്കുന്നത്. പദ്ധതി എന്തുകൊണ്ട് പരാജയപ്പെട്ടു? 2016ൽ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ് സ്‍മാർട്ട് സിറ്റി പദ്ധതിയുടെ ഒന്നാംഘട്ടം ഉൽഘാടനം ചെയ്‌തത്. അന്ന് എൽഡിഎഫ് ബഹിഷ്‌കരിച്ചു. 6.5 ചതുരശ്ര അടിയിൽ ഐടി ടവർ അന്ന് ഉൽഘാടനം ചെയ്‌തിരുന്നു. 2016 ഫെബ്രുവരിയിലായിരുന്നു ഉൽഘാടനം നടന്നത്. എട്ടുവർഷം എന്ത് ചെയ്‌തു ഈ സർക്കാർ- വിഡി സതീശൻ ചോദിച്ചു.
248 ഏക്കർ ഭൂമി തിരിച്ചു പിടിക്കാനും കമ്പനിക്ക് നഷ്‌ടപരിഹാരം നൽകാനുമാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്. ടീകോം കമ്പനി പദ്ധതിയിൽ നിന്ന് പിൻമാറാൻ താൽപര്യം അറിയിച്ചതിന് പിന്നാലെയായിരുന്നു മന്ത്രിസഭാ തീരുമാനം. സർക്കാരും കമ്പനിയും പരസ്‌പര ധാരണയോടെ പിൻമാറ്റ നയം രൂപീകരിക്കാനാണ് വ്യവസ്‌ഥ. ടീകോമിന് നൽകേണ്ട നഷ്‌ടപരിഹാരത്തുക നിശ്‌ചയിക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയെയും രൂപീകരിച്ചു.
നഷ്‌ടപരിഹാരത്തുക കണക്കാക്കുന്നതിന് സ്വതന്ത്ര ഇവാല്യുവേറ്ററെ നിയോഗിക്കും. ഇതുസംബന്ധിച്ച ശുപാർശ സമർപ്പിക്കുന്നതിന് ഐടി മിഷൻ ഡയറക്‌ടർ, ഇൻഫോപാർക്ക് സിഇഒ, ഒകെ ഐഎച്ച് (ഓവർസീസ് കേരളൈറ്റ്സ് ഇൻവെസ്‌റ്റ്‌മെന്റ് ആൻഡ് ഹോൾഡിങ് ലിമിറ്റഡ്) എംഡി ബാബു ജോർജ് എന്നിവരടങ്ങുന്ന കമ്മിറ്റിയെയും ചുമതലപ്പെടുത്തി.
അതിനിടെ, കൊച്ചി സ്‍മാർട്ട് സിറ്റി പദ്ധതി സർക്കാർ ഉപേക്ഷിച്ചിട്ടില്ലെന്ന് വ്യവസായ മന്ത്രി പി രാജീവ് വ്യക്‌തമാക്കി. കൊച്ചിയിലെ സ്‌ഥലം പൂർണമായും സർക്കാർ മേൽനോട്ടത്തിൽ ഉപയോഗിക്കും. കൊച്ചിയിൽ ഭൂമിക്ക് ആവശ്യക്കാരുണ്ട്. 100 കമ്പനികൾ ഭൂമിക്കായി കാത്തുനിൽക്കുന്നു. അവർക്ക് ഗുണകരമായി ഉപയോഗിക്കാൻ വേണ്ടി കൂടിയാണ് കരാറിൽ നിന്ന് പിൻമാറിയതെന്നും വ്യവസായ മന്ത്രി അറിയിച്ചു.
Most Read| യുവാവിന്റെ ഫോൺ അടിച്ചുമാറ്റി കുരങ്ങൻ; കോൾ വന്നപ്പോൾ അറ്റൻഡ് ചെയ്‌തു