തിരുവനന്തപുരം: പിവി അൻവർ എംഎൽഎ ആരോപിച്ച അനധികൃത സ്വത്ത് സമ്പാദനം ഉൾപ്പടെയുള്ള ആരോപണങ്ങളുടെ അടിസ്‌ഥാനത്തിൽ എഡിജിപി എംആർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണം. ഡിജിപി ഷെയ്ഖ് ദർവേസ് സാഹിബ് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ശുപാർശ സർക്കാർ അംഗീകരിക്കുകയായിരുന്നു.
അന്വേഷണ സംഘത്തെ നാളെ തീരുമാനിക്കുമെന്നാണ് വിവരം. ബന്ധുക്കളുടെ പേരിൽ അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ ആഡംബര വീട് നിർമാണം തുടങ്ങി പിവി അൻവർ മൊഴി നൽകിയ അഞ്ച് കാര്യങ്ങളിലാണ് അന്വേഷണം ഉണ്ടാവുക. സസ്‌പെൻഷനിലായ എസ്‌പി സുജിത് ദാസിനെതിരെയും അന്വേഷണം നടക്കും.
അതേസമയം, മറ്റ് ആരോപണങ്ങളിൽ അജിത് കുമാറിന്റെ മൊഴി ഡിജിപി നേരിട്ട് രേഖപ്പെടുത്തും. സ്വർണക്കടത്ത് കേസ്, റിദാൻ വധം, തൃശൂർ പൂരം അലങ്കോലമാക്കൽ തുടങ്ങിയവയാകും ഇതിൽ ഉൾപ്പെടുക. ആരോപണങ്ങൾ നേരിടുന്ന എഡിജിപിക്കെതിരെ കടുത്ത നിലപാടാണ് എൽഡിഎഫ് യോഗത്തിൽ ഘടകകക്ഷികൾ സ്വീകരിച്ചത്.
എന്നാൽ, സിപിഐ ഉൾപ്പടെ എഡിജിപിയെ മാറ്റിനിർത്തണമെന്ന കടുത്ത നിലപാട് സ്വീകരിച്ചിട്ടും മുഖ്യമന്ത്രിയും സിപിഎമ്മും വഴങ്ങിയിട്ടില്ല. എഡിജിപിയെ ഉടൻ മാറ്റേണ്ട കാര്യമില്ലെന്നും അദ്ദേഹത്തിനെതിരെ ഉയർന്ന പരാതിയിൽ അന്വേഷണം നടക്കുന്നുണ്ടെന്നും അതിന്റെ റിപ്പോർട് കിട്ടിയ ശേഷം നടപടി സ്വീകരിക്കാമെന്നാണ് സർക്കാർ നിലപാടെന്നും ഇടതുമുന്നണി യോഗത്തിന് ശേഷം എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്‌ണൻ വ്യക്‌തമാക്കിയിരുന്നു.
Most Read| കിളിമഞ്ചാരോ കീഴടക്കി അഞ്ച് വയസുകാരൻ; ഇന്ത്യക്ക് അഭിമാന റെക്കോർഡ്