തിരുവനന്തപുരം: കെഎസ്എഫ്ഇയിൽ വിജിലന്‍സ് നടത്തിയ റെയ്‌ഡിന്റെ വിവരങ്ങള്‍ പുറത്തുവിടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ധനകാര്യ മന്ത്രി മുഖ്യമന്ത്രിയുടെ വകുപ്പിനെതിരായി നിശിത വിമര്‍ശനം നടത്തിയിട്ടുപോലും പോലും മുഖ്യമന്ത്രി ഒരക്ഷരം മിണ്ടുന്നില്ല. വിജിലന്‍സ് അന്വേഷണം നിര്‍ത്തി വെക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടോയെന്ന് വ്യക്‌തമാക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഒരു വിജിലന്‍സ് റെയ്‌ഡ് നടന്നാല്‍ അതിന്റെ വിശദാംശങ്ങള്‍ പുറത്തുവിടാറാണ് പതിവ്. എന്നാൽ ഇപ്പോള്‍ പുറത്തുവരുന്ന വാർത്ത വിജിലന്‍സ് അന്വേഷണം നിര്‍ത്തിവച്ചു എന്നാണ്. കേരളത്തിലെ വിജിലന്‍സ് സിപിഐഎം പറയുന്നത് കേള്‍ക്കണമെന്ന നിലപാടാണുള്ളത്. നല്ല നിലയില്‍ പ്രവർത്തിച്ചു വന്നിരുന്ന സ്‌ഥാപനമാണ് കെഎസ്എഫ്ഇ. ഇടത് മുന്നണിയുടെ നാലര വര്‍ഷത്തെ ഭരണം കൊണ്ട് കെഎസ്എഫ്ഇ കള്ളപ്പണം വെളുപ്പിക്കുന്ന സ്‌ഥാപനമായി മാറി. ജനങ്ങളുടെ വിശ്വാസം നഷ്‌ടപ്പെട്ടു.
ഇന്ന് വ്യാപകമായ കൊള്ളയാണ് നടക്കുന്നത്. ഇതൊന്നും അന്വേഷിക്കേണ്ട എന്ന നിലപാടാണോ സര്‍ക്കാരിനുള്ളത്. പാര്‍ട്ടി നേതൃത്വം വിജിലന്‍സ് റെയ്‌ഡിനെതിരെ വരുന്നതിന്റെ അര്‍ഥമെന്താണ്. വിജിലന്‍സ് ആന്‍ഡ് ആന്റികറപ്ഷന്‍ ബ്യൂറോ സിപിഐഎമ്മിന്റെ പോഷക സംഘടനയായി പ്രവര്‍ത്തിക്കുകയാണോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
Read also: വിജിലൻസിന്റെ കൂട്ടപ്പരിശോധന; മുഖ്യമന്ത്രിക്ക് അറിയില്ല; എല്ലാം ഉപദേഷ്‌ടാവിന്റെ അറിവോടെ