കോഴിക്കോട്: ഉരുൾപൊട്ടലുണ്ടായ കോഴിക്കോട് വിലങ്ങാട് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ നോഡൽ ഓഫീസറെ നിയോഗിക്കുമെന്നും ഒരാഴ്‌ചക്കകം റോഡുകളുടെയും പാലങ്ങളുടെയും നിർമാണ ജോലികൾ ആരംഭിക്കുമെന്നും മന്ത്രി പിഎ മുഹമ്മദ് റിയാസ്.
വയനാട് ദുരന്തം കാരണം പുറംലോകം ശ്രദ്ധിക്കപ്പെടാതെ പോയ ദുരന്തമാണ് വിലങ്ങാട്ടെതെന്നും വീടുകളും കടകളും കെട്ടിടങ്ങളും കൃഷിയിടങ്ങളുമെല്ലാം വ്യാപകമായി നശിച്ചെന്നും മന്ത്രി പറഞ്ഞു. മരണം ഒന്നിൽ ഒതുങ്ങിയെങ്കിലും ജനജീവിതം ആകെ താറുമാറായ വിലങ്ങാടിന് പ്രത്യേക പാക്കേജ് അനുവദിക്കുന്ന കാര്യം പരിഗണനയിലാണ്. ഇക്കാര്യത്തിൽ എംപി, എംഎൽഎ, പഞ്ചായത്തുകൾ തുടങ്ങി എല്ലാവരുമായി സഹകരിച്ചു കൂട്ടായി നീങ്ങുമെന്നും മന്ത്രി വ്യക്‌തമാക്കി.
വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ ചൊവ്വാഴ്‌ച പുലർച്ചെയാണ് വിലങ്ങാടും ഉരുൾപൊട്ടിയത്. വിലങ്ങാട് ഒമ്പത് തവണ ഉരുൾപൊട്ടിയെന്നാണ് നാട്ടുകാർ പറയുന്നത്. 13 വീടുകൾ പൂർണമായി തകർന്നു. 60 വീടുകൾക്ക് കേടുപാടുണ്ടായി. ഉരുൾപൊട്ടലിൽ ഒഴുകിപ്പോയ കുമ്പളച്ചോല ഗവ. എൽപി സ്‌കൂൾ റിട്ട. ഹെഡ്‌മാസ്‌റ്റർ കുളത്തിങ്കൽ കെഎ മാത്യുവിന്റെ മൃതദേഹം പിന്നീട് കണ്ടെത്തി.
Most Read| കാലാവധി പൂർത്തിയാക്കുക മാത്രമല്ല, എൻഡിഎ വീണ്ടും അധികാരത്തിൽ വരും; അമിത് ഷാ