തിരുവനന്തപുരം: വിവാദ യുട്യൂബറെ കയ്യേറ്റം ചെയ്‌ത സംഭവത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട ഡബ്ബിങ് ആർട്ടിസ്‌റ്റ് ഭാഗ്യലക്ഷ്‌മിയുടെയും മറ്റു പ്രതികളുടെയും അറസ്‌റ്റ് വൈകും. നിലവില്‍ പ്രതികള്‍ ഒളിവിലാണെന്ന് പോലീസ് അറിയിച്ചിരുന്നു. ഇവര്‍ക്കെതിരായി ചുമത്തിയ വകുപ്പുകള്‍ ലഘൂകരിക്കാന്‍ പോലീസ് നീക്കം ആരംഭിച്ചതായി സൂചനയുണ്ട്.
മോഷണക്കുറ്റം അടക്കമുള്ള വകുപ്പുകള്‍ ഇവര്‍ക്ക് എതിരെ ചുമത്തിയിരുന്നു. വിജയ് പി നായരുടെ ലാപ്‌ടോപ്, മൊബൈല്‍ ഫോണ്‍ എന്നിവ മോഷ്‌ടിച്ച കുറ്റം ഒഴിവാക്കാനാണ് ശ്രമം.
ഇയാളില്‍ നിന്ന് ബലമായി പിടിച്ചെടുത്ത മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ് എന്നിവ പ്രതികള്‍ പോലീസിന് സമര്‍പ്പിച്ചിരുന്നു. പ്രതികളെ അറസ്‌റ്റ് ചെയ്യുന്നത് രാഷ്‌ട്രീയമായി ഗുണം ചെയ്യില്ലെന്ന ഉപദേശത്തെ തുടര്‍ന്നാണ് പോലീസിന്റെ മനംമാറ്റം.
എന്നാല്‍ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. പ്രതികളുടെ പ്രവര്‍ത്തി സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും നിയമത്തെ കായിക ബലം കൊണ്ടല്ല നേരിടേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
ഭാഗ്യലക്ഷ്‌മിയുടെയും മറ്റു പ്രതികളുടെയും വീടുകളില്‍ പരിശോധന നടത്തിയെങ്കിലും അവരെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം. തെളിവ് ശേഖരണം പൂര്‍ത്തിയാകും വരെ പ്രതികളുടെ അറസ്‌റ്റ് നീട്ടാനാവും പോലീസിന്റെ ശ്രമം. മറിച്ചാണെങ്കില്‍ പ്രതികളായ ഭാഗ്യലക്ഷ്‌മി, ദിയ സന, ശ്രീലക്ഷ്‌മി എന്നിവര്‍ ജയിയിലില്‍ കഴിയേണ്ടി വരും. ഇത് തടയാനാണ് പോലീസ് അറസ്‌റ്റ് വൈകിക്കുന്നത്.
Read Also: ഭാഗ്യലക്ഷ്‍മിയും സുഹൃത്തുക്കളും ഒളിവില്‍; അന്വേഷണം ആരംഭിച്ച് പോലീസ്