കോഴിക്കോട്: കോവിഡ് പ്രതിസന്ധിയെ തുടർന്ന് 2020 മാർച്ച് 13ന് അടച്ചിട്ട തിയേറ്ററുകൾ പിന്നീട്, ഒരു വർഷം പൂർത്തിയാകുന്നതിന് തൊട്ട് മുൻപായിരുന്നു തുറന്നത്. 2021 ജനുവരി 22ൽ ജയസൂര്യയുടെ വെള്ളം റിലീസ് ചെയ്തുകൊണ്ടാണ് പുതിയ പ്രതീക്ഷയിലേക്ക് തിയേറ്ററുകൾ വാതിൽ തുറന്നത്.
നിർഭാഗ്യവശാൽ സകല അടവുകളും പയറ്റിയിട്ടും കാണികളെ തിയേറ്ററിലെത്തിക്കാൻ സാധിക്കാതെ വിയർക്കുന്ന കാഴ്ചയാണ് ഈ വിഷു നമുക്ക് കാണിച്ചു തരുന്നത്. മമ്മൂട്ടിയുടെ വൺ, കുഞ്ചാക്കോ ബോബൻ അഭിനയിക്കുന്ന നായാട്ട്, ധനുഷിന്റെ കർണൻ തുടങ്ങിയ മൂന്നു ‘ബിഗ് സിനിമകൾ‘ പ്രദർശിപ്പിക്കുന്ന പൊന്നാനി ഐശ്വര്യ മൂവീസ് ഉടമ സുരേഷ് ഐശ്വര്യ പറയുന്നു; ‘മുന്നോട്ടുപോകാൻ ഒരു രക്ഷയുമില്ല‘ എന്ന്.
“പതിനായിരം രൂപ പോലും ആവറേജ് കളക്ഷനില്ല എന്നതാണ് അവസ്ഥ. വിഷുദിനമായിട്ട് പോലും ഇന്ന് ഉച്ചക്കുള്ള ഷോ കളിക്കാൻ സാധിച്ചിട്ടില്ല. ഇപ്പോൾ ഓടിക്കൊണ്ടിരിക്കുന്ന വൈകിട്ടുള്ള ആദ്യ ഷോക്ക് രണ്ട് സ്ക്രീനിലും കൂടി 75 ആളുകൾ പോലും തികയില്ല. പത്തിലധികം പേരുടെ ശമ്പളം, വൈദ്യുതി ബിൽ ഉൾപ്പടെയുള്ളത് പോലും കണ്ടെത്താൻ പറ്റില്ല. സ്വന്തം സ്ഥലം ആയതുകൊണ്ടും കാര്യമായ ലോണുകൾ ഇല്ലാത്തതുകൊണ്ടും മാത്രമാണ് പിടിച്ചു നിൽക്കുന്നത്. പക്ഷെ, ഈ രീതിയിൽ പോകുകയാണെങ്കിൽ എത്ര ദിവസമെന്നത് അറിയില്ല“ സുരേഷ് ഐശ്വര്യ പറഞ്ഞു നിറുത്തി.
കോവിഡിന്റെ രണ്ടാം വരവ് ഗുരുതരമായ പ്രതിസന്ധിയിലേക്കാണ് തിയേറ്ററുകളെയും അവയെ ചുറ്റിപറ്റി ജീവിക്കുന്നവരേയും എത്തിക്കുക. അത്രരൂക്ഷമാണ് പ്രതിസന്ധിയെന്ന് തിയേറ്റർ ഉടമകൾ സാക്ഷ്യപ്പെടുത്തുന്നു. കോഴിക്കോട് നഗരത്തിലെ ഒട്ടുമിക്ക തിയേറ്ററുകളും വിഷുക്കാലമായിട്ടും നിരവധി ഷോകൾ ഒഴിവാക്കിയാണ് പ്രവർത്തിക്കുന്നത്. എറണാകുളം മെട്രോ നഗരത്തിലും സ്ഥിതി ഗുരുതരമാണ്. ശമ്പളം നൽകാൻ പോലും വരുമാനമില്ല എന്നാണ് കവിത തിയേറ്റർ ഉടമ പറയുന്നത്. ഇവിടെ ധനുഷിന്റെ കർണൻ ആണ് കളിക്കുന്നത്. പക്ഷെ, കോവിഡ് പ്രോട്ടോക്കോളിൽ അനുവദിച്ച പകുതി സീറ്റുകൾ പോലും നിറയുന്നില്ല; ഇദ്ദേഹം പറഞ്ഞു.
ചങ്ങരംകുളം മാർസ് തിയേറ്റർ കോംപ്ളക്സ് ഉടമ അജിത് മായനാട്ട് പറയുന്നു; നായാട്ട്, കർണൻ, അനുഗ്രഹീതൻ ആന്റണി, ചതുർമുഖം തുടങ്ങിയ സിനിമകളാണ് എന്റെ 3 തിയേറ്റർ സ്ക്രീനുകളിൽ ഓടുന്നത്. 620 പേർക്ക് ഒരേസമയം സിനിമ കാണാവുന്നിടത്ത് 150 പേരുപോലും തികയുന്നില്ല. കോവിഡ് കാലത്ത് മാത്രം സ്ഥിര ജോലിക്കാർ ഉൾപ്പടെ 18 ഓളം പേർക്ക് വേദനം കണ്ടെത്തണം. ഇതെങ്ങിനെ മുന്നോട്ടു പോകും? ചിന്തിച്ചാൽ മനസിലാക്കാവുന്നതാണ്.
പ്രോപ്പർട്ടി ഉൾപ്പടെ 25 കോടിയോളം മുതൽ മുടക്കിയ എനിക്കിന്ന് വരെ ഇതിൽ ഒരു രൂപ പോലും വരുമാനം ലഭിച്ചിട്ടില്ല. ഒരു പാഷനായി തുടങ്ങിയത് കൊണ്ട് എനിക്കതിൽ വേദനയില്ല. പക്ഷെ, തൊഴിലാളികൾക്ക് ശമ്പളം കൊടുക്കണ്ടേ? ലോണുകളുടെ റീ പേയ്മെന്റ് നടത്തേണ്ടെ? സർക്കാർ, അവസ്ഥ മനസിലാക്കി എത്രയും വേഗം ആശ്വാസ നടപടികൾ കൈക്കൊള്ളണം; അജിത് പറഞ്ഞു.
വിനോദ നികുതി, വൈദ്യുതി ഫിക്സഡ് ചാർജ്, വെള്ളപൊക്കത്തിന്റെ പേരിൽ ഇപ്പോഴും ഈടാക്കുന്ന സർചാർജ് ഉൾപ്പടെയുള്ള മറ്റു സർചാർജുകൾ എത്രയും വേഗത്തിൽ ഒഴിവാക്കി തന്ന് തിയേറ്ററുകളെ പിടിച്ചു നിറുത്താൻ സഹായിക്കുക. കോടികൾ മുടക്കി വ്യവസായം ചെയ്യുന്ന ഞങ്ങൾക്ക് ശമ്പളം നൽകാൻ പോലുമുള്ള വരുമാനം ഇപ്പോൾ ലഭിക്കുന്നില്ല. ഇനിയും ഞങ്ങളെ ക്രൂരമായി പിഴിയരുത്; അജിത് മായനാട്ട് പറഞ്ഞു നിറുത്തി.
വിഷുക്കാലത്ത് കൂടുതല്‍ സിനിമകള്‍ പുറത്തിറങ്ങിയതോടെ കഴിഞ്ഞ ഒരു വർഷത്തെ ലക്ഷങ്ങളുടെ നഷ്ടം നികത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയിലിരുന്ന തീയേറ്ററുടമകൾ. തുറന്നിട്ട് മാസങ്ങളായെങ്കിലും നായാട്ട്, ചതുര്‍മുഖം, നിഴല്‍, കര്ണന് എന്നിങ്ങനെ മികച്ച അഞ്ചോളം സിനിമ തീയേറ്ററുകളിലെത്തിയത് ഇപ്പോഴാണ്. ഈ ചിത്രങ്ങൾ കാണികളുടെ ‘ഒഴുക്കിന്‘ തുടക്കം കുറിച്ചിരുന്നു. നിർഭാഗ്യവശാൽ അപ്പോഴാണ് കോവിഡ് രണ്ടാം തരംഗത്തിന്റെ ഭീഷണിയെത്തിയത്.
മുസ്ലിം വിശ്വാസികളുടെ റംസാന് തുടങ്ങിയതും തീയേറ്ററുകളെ തളര്‍ത്തും. കൂടാതെ ഒടിടി എന്ന ആധുനിക സംവിധാനങ്ങളുടെ കുത്തൊഴുക്കും കൂടിയാകുമ്പോൾ മലബാര്‍ മേഖലയില്‍ ഭൂരിപക്ഷം തീയേറ്ററുകളും അടച്ചിടേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങൾ പോകുക. ലക്ഷങ്ങളുടെ ബാങ്ക്ലോണുകളും ഇതര സോഴ്സുകളിൽ നിന്നുള്ള തിരിമറികളും കൊണ്ടാണ് അടച്ചിട്ട കാലത്തുണ്ടായ നാശങ്ങൾ പരിഹരിച്ച് തിയേറ്ററുകൾ തുറന്നത്. ഇത് ഉടമകളെ കൂടുതൽ പ്രതിസന്ധിയിൽ കൊണ്ടെത്തിക്കും.
Most Read: കോവിഡ്; നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ഡോ. മുഹമ്മദ് അഷീല്‍ പങ്കുവെക്കുന്നു