കൊല്ലം: വിസ്‌മയ കേസിൽ കിരൺ കുമാർ കുറ്റക്കാരനാണെന്ന കൊല്ലം അഡീഷണൽ സെഷൻസ് കോടതി വിധി പുറത്തുവന്നതോടെ പ്രതിയെ കൊല്ലം ജില്ലാ ജയിലിലേക്ക് മാറ്റി. ഒരുപാട് നാളത്തെ അധ്വാനത്തിന്റെ ഫലമാണ് ഈ അനുകൂല വിധിയെന്ന് ഡിവൈഎസ്‌പി രാജ്‌കുമാർ പ്രതികരിച്ചു.
306, 498, 498 എ വകുപ്പുകൾ പ്രകാരമാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. ശിക്ഷാ വിധി നാളെ പുറപ്പെടുവിക്കും.
കൊല്ലം അഡീഷണൽ സെഷൻസ് കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രതിഭാഗം അഭിഭാഷകൻ പ്രതാപചന്ദ്രൻ പിള്ള പ്രതികരിച്ചു. വിധിയിൽ നിരാശയും വിയോജിപ്പുമുണ്ട്. ഹൈക്കോടതിയിൽ അപ്പീൽ നൽകാനാണ് തീരുമാനം. വിധി വരുന്നതിന് മുമ്പ് വലിയ ആത്‌മ വിശ്വാസത്തിലായിരുന്നു കിരൺകുമാറിന്റെ അഭിഭാഷകൻ.
എവിഡൻസ് ആക്‌ട് അനുസരിച്ച് ഡിജിറ്റൽ മെറ്റീരിയൽസ് തെളിവല്ലെന്ന് അവകാശപ്പെട്ട് പ്രതാപചന്ദ്രൻ പിള്ള രംഗത്ത് വന്നിരുന്നു. അത് തെളിവാകണമെങ്കിൽ നിരവധി കടമ്പകൾ കടക്കണമെന്നും നടപടിക്രമങ്ങൾ പാലിക്കണമെന്നും ആയിരുന്നു അദ്ദേഹത്തിന്റെ വാദം.
ശാസ്‌താംകോട്ട പോരുവഴിയിലെ ഭർതൃവീട്ടിൽ 2021 ജൂൺ 21നായിരുന്നു വിസ്‌മയയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
Most Read: കുരങ്ങുപനി ഇസ്രയേലിലും; നിലവിൽ 12 രാജ്യങ്ങളിൽ 100 രോഗബാധിതർ