മേപ്പാടി: കേരളത്തിന്റെ ഹൃദയം പിളർന്ന വയനാട് ദുരന്തത്തിന് ഇന്ന് എട്ടാം ദിനം. ഉരുൾപൊട്ടൽ ഉണ്ടായ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ നടക്കുന്ന രക്ഷാപ്രവർത്തനം ഇന്ന് നിർണായക ഘട്ടത്തിലേക്ക് കടന്നു. ഇന്ന് സൂചിപ്പാറയിലെ സൺറൈസ് വാലി കേന്ദ്രീകരിച്ച് തിരച്ചിൽ നടത്താൻ തീരുമാനിച്ചതായി റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു.
ചാലിയാറിന്റെ ഇരുകരകളിലും സമഗ്രമായി തിരച്ചിൽ നടത്തിയെങ്കിലും ഒരു ഭാഗത്ത് എത്തിപ്പെടാൻ കഴിയാത്ത സാഹചര്യമുണ്ട്. അവിടെയാണ് ഇന്ന് തിരച്ചിൽ നടത്തുക. സൺറൈസ് വാലിയോട് ചേർന്നുകിടക്കുന്ന ഇരു കരകളിലുമാണ് തിരച്ചിൽ നടത്തുക. അവിടെ നിന്നും മൃതദേഹങ്ങൾ കൊണ്ടുവരേണ്ടതുണ്ടെങ്കിൽ പ്രത്യേക ഹെലികോപ്‌ടർ സജ്‌ജമാക്കുമെന്നും മന്ത്രി പറഞ്ഞു.
പരിശീലനം നേടിയ രണ്ടു വനംവകുപ്പ് ഉദ്യോഗസ്‌ഥരും ആറ് സൈനികരും അടങ്ങുന്ന 12 അംഗ സംഘം എയർ ലിഫ്റ്റിങ്ങിലൂടെ സ്‌ഥലത്ത് എത്തിച്ചേരും. ചാലിയാറിൽ ഇന്നലെ നടത്തിയ തിരച്ചിലിൽ രണ്ട് ശരീരഭാഗങ്ങൾ ലഭിച്ചു. ഇതോടെ മലപ്പുറം ജില്ലയിൽ നിന്ന് ആകെ ലഭിച്ച മൃതദേഹങ്ങൾ 76 ആയി. ദുരന്തത്തിൽ 392 പേർ മരിച്ചതായാണ് അനൗദ്യോഗിക കണക്ക്. ഔദ്യോഗിക കണക്കനുസരിച്ച് മരണം 227.
തിരിച്ചറിയാത്ത 27 മൃതദേഹങ്ങളും 154 ശരീര ഭാഗങ്ങളും പൂത്തുമലയിൽ ഹാരിസൺ പ്ളാന്റേഷൻ ശ്‌മശാനത്തിൽ ഇന്നലെ സർവമത പ്രാർഥനയോടെ സംസ്‌കരിച്ചു. അതേസമയം, വയനാട് ദുരിതബാധിതരെ സഹായിക്കാൻ അഞ്ച് ദിവസത്തെ ശമ്പളം നൽകാമെന്ന് സർക്കാർ ജീവനക്കാരുടെ സംഘടനകൾ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു.
അതിനിടെ, ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരെ വിളിച്ച് കുടിശിക ചോദിച്ച ചില സ്വകാര്യ ധനകാര്യ സ്‌ഥാപനങ്ങൾക്ക് എതിരെ പരാതി ലഭിച്ചിട്ടുണ്ടെന്നും അത്തരം സ്‌ഥാപനങ്ങൾ കർശന നടപടികൾ നേരിടേണ്ടി വരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
Most Read| ‘വയനാട് ഉരുൾപൊട്ടൽ അനധികൃത കൈയ്യേറ്റവും ഖനനവും മൂലം’; വിമർശിച്ച് കേന്ദ്ര വനംമന്ത്രി