നിലമ്പൂർ: വയനാട്ടിലെ ഉരുൾപൊട്ടലിൽ കാണാത്തവർക്കായി അഞ്ചാം ദിവസവും തിരച്ചിൽ തുടരുകയാണ്. നിരവധി മൃതദേഹങ്ങളും ശരീരഭാഗങ്ങളും കണ്ടെത്തിയ ചാലിയാർ പുഴയിലും ഇന്ന് രാവിലെ എട്ടുമണിയോടെ തിരച്ചിൽ ആരംഭിച്ചു. ഇതുവരെ കണ്ടെത്തിയതിൽ മൂന്നിലൊന്ന് മൃതദേഹങ്ങളും കിട്ടിയത് ചാലിയാറിൽ നിന്നാണ്.
ഔദ്യോഗിക കണക്ക് പ്രകാരം ഇതുവരെ 67 മൃതദേഹങ്ങളും 121 ശരീര ഭാഗങ്ങളുമാണ് നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിയത്. പോലീസും ഫയർഫോഴ്‌സും വനംവകുപ്പും ആരോഗ്യ വകുപ്പും ഉൾപ്പടെ സർക്കാർ സംവിധാനങ്ങളും ഒറ്റക്കെട്ടായി പോത്തുകല്ലിൽ നിന്നടക്കം നിരവധി യുവാക്കളും രക്ഷാപ്രവർത്തനത്തിൽ അണിനിരന്നിട്ടുണ്ട്. ഡ്രോൺ അടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിച്ചാണ് തിരച്ചിൽ നടത്തുന്നത്.
ഇന്ന് ഇരുട്ടുകുത്തി പുഴയടക്കമുള്ള മേഖലയിലാണ് പ്രധാനമായും തിരച്ചിൽ നടക്കുന്നത്. കുത്തൊഴുക്കിനെ വകവെക്കാതെയാണ് പ്രദേശവാസികൾ രക്ഷാപ്രവർത്തനത്തിന് ഇറങ്ങുന്നത്. മുണ്ടക്കൈയെയും ചൂരൽമലയെയും പുഞ്ചിരി മട്ടത്തെയും അട്ടമലയെയും അടിയോടെ പിഴുതെറിഞ്ഞു ഒരു പ്രദേശമൊന്നാകെ തുടച്ചു നീക്കി ഉരുൾപൊട്ടൽ ഒഴുകിയെത്തിയത് ചാലിയാർ പുഴയിലേക്കാണ്.
ഇനിയും 206ഓളം പേരെ കണ്ടെത്താൻ ഉണ്ടെന്നാണ് കണക്കുകൾ. നേരത്തെ പോത്തുകല്ല് കേന്ദ്രീകരിച്ചാണ് ശരീര ഭാഗങ്ങൾ ലഭിച്ചിരുന്നതെങ്കിൽ പിന്നീടത് കിലോമീറ്ററുകൾ ദൂരെ നിലമ്പൂർ, മമ്പാട്, എടവണ്ണ എന്നിവിടങ്ങളിലേക്കും നീണ്ടു. ചാലിയാർ ഒഴുകിയ എല്ലാ ഭാഗങ്ങളിലും കൈവഴികളിലും ശരീര ഭാഗങ്ങൾ ലഭിക്കുന്ന സ്‌ഥിതിയുണ്ടായി. കഴിഞ്ഞ ദിവസം മാത്രം 16 മൃതദേഹങ്ങളാണ് ചാലിയാറിൽ നിന്ന് കണ്ടെടുത്തത്.
Most Read| യുഎസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പ്; സ്‌ഥാനാർഥിത്വം സ്‌ഥിരീകരിച്ച് കമല ഹാരിസ്