കൽപ്പറ്റ: ആരോഗ്യരംഗത്ത് പുതിയ ചുവടുവെപ്പുമായി വയനാട് മെഡിക്കൽ കോളേജ്. ആശുപത്രിയിൽ കാത്ത് ലാബും മൾട്ടി സ്‌പെഷ്യാലിറ്റി കെട്ടിടവും ഒരുങ്ങി. പുതുതായി നിർമിച്ച എട്ടുനില മൾട്ടി പർപ്പസ് സൂപ്പർ സ്‌പെഷ്യാലിറ്റി കെട്ടിടവും കാത്ത് ലാബും മുഖ്യമന്ത്രി പിണറായി വിജയൻ ഏപ്രിൽ രണ്ടിന് നാടിന് സമർപ്പിക്കും. വയനാട്ടുകാരുടെ ഏറെ നാളത്തെ ആവശ്യമാണ് ഇതോടെ യഥാർഥ്യമാകുന്നത്.
45 കോടി രൂപാ ചെലവിലാണ് മൾട്ടി പർപ്പസ് കെട്ടിടം പൂർത്തീകരിച്ചിട്ടുള്ളത്. മെഡിക്കൽ ഒപി, എക്‌സ്‌റേ, റേഡിയോളജി, നെഫ്രോളജി, ഡയാലിസിസ് സെന്റർ, സ്‌ത്രീ-പുരുഷ വാർഡുകൾ, പാർക്കിങ് സൗകര്യം എന്നിവയാണ് പുതിയ കെട്ടിടത്തിൽ സജ്‌ജീകരിച്ചിട്ടുള്ളത്. ഹൃദ്രോഗ ചികിൽസാ രംഗത്ത് പുതിയ വാഗ്‌ദാനമായി മാറാനുള്ള അവസാനഘട്ട തയ്യാറെടുപ്പിലാണ് വയനാട് മെഡിക്കൽ കോളേജ്.
അത്യാധുനിക സൗകര്യങ്ങളോടെയാണ് കാത്ത് ലാബ് ഒരുക്കിയിട്ടുള്ളത്. ഹൃദ്രോഗികൾക്ക് വിദഗ്‌ധ ചികിൽസ തന്നെ ലഭ്യമാക്കും. എട്ടുകോടി രൂപാ ചെലവിലാണ് കാത്ത് ലാബ് നിർമിച്ചിരിക്കുന്നത്. വയനാട് ജില്ലയുമായി അതിർത്തി പങ്കിടുന്ന കണ്ണൂർ ജില്ലയിലെ കേളകം, കൊട്ടിയൂർ കർണാടകയിലെ ബാവലി, ബൈരക്കുപ്പ പ്രദേശങ്ങളിൽ ഉള്ളവർക്കും കാത്ത് ലാബ് ആശ്വാസകരമാകും.
ഉൽഘാടന ചടങ്ങിൽ ആരോഗ്യമന്ത്രി വീണാ ജോർജ്, പിഎ മുഹമ്മദ് റിയാസ്, എകെ ശശീന്ദ്രൻ എന്നിവർക്കൊപ്പം മറ്റു ജനപ്രതിനിധികളും ഉദ്യോഗസ്‌ഥരും പങ്കെടുക്കും. മാനന്തവാടി ബ്ളോക്ക് പഞ്ചായത്തിൽ നടന്ന യോഗത്തിൽ കളക്‌ടർ രേണുരാജ് കൺവീനറും ഒആർ കേളു എംഎൽഎ ചെയർമാനുമായ സ്വാഗതസംഘം കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
Most Read: കാപികോ റിസോർട്ട്; പൊളിക്കാനുള്ള കാലാവധി ഇന്ന് അവസാനിക്കും