ആലപ്പുഴ: കാപികോ റിസോർട്ട് പൊളിച്ചു നീക്കാനുള്ള കാലാവധി ഇന്ന് അവസാനിക്കും. 55 കെട്ടിടങ്ങളിൽ 54ലും പൊളിച്ചു. പ്രധാന കെട്ടിടം ഭാഗികമായി പൊളിച്ചു കഴിഞ്ഞു. വലിയ കെട്ടിടമായതിനാൽ പൊളിക്കൽ തുടരുകയാണ്. ഈ മാസം 28ന് മുൻപ് മുഴുവൻ കെട്ടിടങ്ങളും പൊളിക്കണമെന്ന സുപ്രീം കോടതിയുടെ അന്ത്യശാസനയെ തുടർന്നാണ് കെട്ടിടം അപ്പാടെ പൊളിച്ചു നിരത്തുന്നത്. അതേസമയം, കാപികോ റിസോർട്ടുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
ഈ മാസം 28ന് മുൻപ് മുഴുവൻ കെട്ടിടങ്ങളും പൊളിക്കണമെന്നമെന്നായിരുന്നു സുപ്രീം കോടതി ഉത്തരവിട്ടിരുന്നത്. കഴിഞ്ഞ സെപ്‌റ്റംബർ 14ന് പൊളിക്കൽ നടപടികൾ തുടങ്ങിയിരുന്നു. എന്നാൽ, ഇതുവരെ പൊളിച്ചു നീക്കിയത് 54 കെട്ടിടങ്ങൾ മാത്രമാണ്. പ്രധാന കെട്ടിടം പൊളിക്കൽ ഇപ്പോഴം പൂർത്തിയായിട്ടില്ല. നിശ്‌ചയിച്ച സമയപരിധിക്കകം മുഴുവൻ കെട്ടിടവും പൊളിച്ചില്ലെങ്കിൽ ചീഫ് സെക്രട്ടറിക്ക് എതിരെ കോടതിയിലക്ഷ്യ നടപടി സ്വീകരിക്കുമെന്ന് കോടതി കേസ് പരിഗണിക്കവെ മുന്നറിയിപ്പ് നൽകിയിരുന്നു.
ഇതോടെയാണ്, കൂടുതൽ തൊഴിലാളികളെയും യന്ത്രങ്ങളും ഉപയോഗിച്ച് പ്രധാന കെട്ടിടം ഇടിച്ചു നിരപ്പാക്കാൻ തുടങ്ങിയത്. ആലപ്പുഴ പാണാവള്ളി പഞ്ചായത്തിലെ നെടിയ തുരുത്ത് ദ്വീപിൽ നിർമിച്ച കാപികോ റിസോർട്ട് പൊളിച്ചു നീക്കണമെന്ന് 2020 ജനുവരി പത്തിനാണ് സുപ്രീം കോടതി ഉത്തരവിട്ടത്. തീരദേശ നിയമം ലംഘിച്ച് നിർമിച്ച കെട്ടിടം പൊളിച്ചു കളയാനുള്ള ഹൈക്കോടതി വിധി ശരിവെച്ചയിരുന്നു സുപ്രീ കോടതി വിധി.
ഇതേ തുടർന്ന്, കഴിഞ്ഞ വർഷം സെപ്‌റ്റംബർ 14ന് ആണ് പൊളിക്കൽ നടപടികൾ തുടങ്ങിയത്. എന്നാൽ, പൊളിക്കൽ നടപടികൾ പിന്നീട് മെല്ലെപ്പോക്കായി മാറി. ഇതോടെ, പൊളിക്കൽ വൈകുന്നതിൽ ആലപ്പുഴയിലെ ജനസമ്പർക്ക സമിതി കോടതിയലക്ഷ്യത്തിന് സുപ്രീം കോടതിയിൽ ഹരജി നൽകി. ജനസമ്പർക്ക സമിതിക്കായി അഭിഭാഷകൻ പി സുരേന്ദ്രനാണ് സുപ്രീം കോടതിയിൽ ഹാജരായത്.
ജസ്‌റ്റിസ് സുധാൻഷു ധൂലിയ അധ്യക്ഷനായ ബെഞ്ചാണ് കഴിഞ്ഞ ഫെബ്രുവരി 21ന് കേസ് വീണ്ടും പരിഗണിച്ചത്. റിസോർട്ട് പൊളിക്കുന്നതിൽ സംസ്‌ഥാന സർക്കാരിനെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. പിന്നാലെയാണ് മാർച്ച് 28ന് മുൻപ് പൊളിക്കൽ നടപടികൾ പൂർത്തിയാക്കണമെന്നും അല്ലാത്തപക്ഷം ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കുമെന്നും കോടതി അന്ത്യശാസനം നൽകിയത്.
Most Read: എംപിമാർ ഇന്ന് കറുപ്പണിഞ്ഞു പാർലമെന്റിൽ; കോൺഗ്രസ് പ്രതിഷേധം തുടരും