ന്യൂഡെൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ എംപി സ്‌ഥാനത്ത് നിന്ന് അയോഗ്യനാക്കിയതിൽ കോൺഗ്രസ് പ്രതിഷേധം ഇന്നും തുടരും. പാർലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷം ഇന്ന് ശക്‌തമായി പ്രതിഷേധിക്കും. കറുത്ത വസ്‌ത്രം ധരിച്ചു വരാൻ പാർട്ടി എംപിമാർക്ക് കോൺഗ്രസ് നേതൃത്വം നിർദ്ദേശം നൽകിയിട്ടുണ്ട്. രാഹുൽ വിഷയത്തിൽ മറ്റു പ്രതിപക്ഷ പാർട്ടികളും കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇരു സഭകളിലും രാഹുൽ വിഷയം അടിയന്തിര പ്രമേയമായി ഉന്നയിക്കാനാണ് കോൺഗ്രസ് തീരുമാനം. ഇത് സംബന്ധിച്ച് തീരുമാനം എടുക്കാൻ രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ രാവിലെ പ്രതിപക്ഷ നേതാക്കളുടെ യോഗം ചേരും. മറ്റു നടപടികൾ ഉപേക്ഷിച്ചു വിഷയം സഭ ചർച്ച ചെയ്യണമെന്ന ആവശ്യമാവും കോൺഗ്രസ് ഉന്നയിക്കുക. അടിയന്തിര പ്രമേയത്തിന് അനുമതി നൽകിയില്ലെങ്കിൽ സഭ പ്രക്ഷുബ്‌ധമാകുന്ന വിധത്തിൽ പ്രതിഷേധിക്കാനാണ് കോൺഗ്രസ് തീരുമാനം.
അദാനി വിഷയത്തിൽ ജെപിസി അന്വേഷണം വേണമെന്ന ആവശ്യവും പ്രതിപക്ഷ പാർട്ടികൾ ഇന്ന് പാർലിമെന്റിൽ ഉന്നയിക്കും. ബജറ്റ് സമ്മേളനത്തിന്റെ അവശേഷിക്കുന്ന ദിവസങ്ങളിൽ അഞ്ചു ബില്ലുകൾ പാസാക്കാനാണ് സർക്കാർ നീക്കം. സമ്മേളനം വെട്ടിച്ചുരുക്കാനും സൂചനയുണ്ട്. അതേസമയം, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇന്ന് രാവിലെ പാർലമെന്റിലേക്ക് പ്രതിഷേധ മാർച്ചും പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, ലോക്‌സഭാ അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കപ്പെട്ട രാഹുൽ ഗാന്ധിക്ക് ഈ ആഴ്‌ച നിർണായകമാണ്. അപകീർത്തി കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തുകയും ശിക്ഷിക്കുകയും ചെയ്‌ത സൂറത്ത് കോടതി വിധിക്കെതിരെ ഇന്നോ നാളെയോ സൂറത്ത് സെഷൻസ് കോടതിയിൽ കോൺഗ്രസ് അപ്പീൽ നൽകും. രാഹുലിനായി മുതിർന്ന അഭിഭാഷകർ തന്നെ രംഗത്തിറങ്ങും.
Most Read: തീ പൂർണമായും അണച്ചു; ബ്രഹ്‌മപുരത്ത് സുരക്ഷാ ക്രമീകരണങ്ങൾ നടപ്പിലാക്കാൻ ആവശ്യം