കൊച്ചി: ബ്രഹ്‌മപുരം മാലിന്യ പ്ളാന്റിൽ കഴിഞ്ഞ ദിവസം ഉണ്ടായ തീ പൂർണമായും അണച്ചു. ഇനിയും തീപിടിത്തം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് അഗ്‌നിരക്ഷാസേന ബ്രഹ്‌മപുരത്ത് തുടരുകയാണ്. ബ്രഹ്‌മപുരത്ത് സെക്റ്റർ ഒന്നിലാണ് ഇന്നലെ വൈകിട്ടോടെ തീപിടിത്തം ഉണ്ടായത്. വലിയ തോതിൽ കൂട്ടിയിട്ടിരിക്കുന്ന മാലിന്യ കൂമ്പാരത്തിനടിയിൽ നിന്നാണ് തീ ഉയർന്നതെന്നാണ് വിവരം. അതേസമയം, ബ്രഹ്‌മപുരത്ത് വീണ്ടും തീപിടിത്തം ഉണ്ടാകാനുള്ള കാരണം വ്യക്‌തമല്ല.
അതിനിടെ, കഴിഞ്ഞ തവണ തീപിടിത്തം ഉണ്ടായപ്പോൾ പറഞ്ഞ സുരക്ഷാ ക്രമീകരണങ്ങൾ ഉടൻ നടപ്പിലാക്കണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച് ജില്ലാ ഭരണകൂടം ഉടൻ തീരുമാനം എടുത്തേക്കുമെന്നാണ് സൂചന. കൂടാതെ, കഴിഞ്ഞ ദിവസത്തെ തീപിടിത്തത്തിന് ഉണ്ടായ സാഹചര്യവും അഗ്‌നിരക്ഷാസേന അന്വേഷിക്കുന്നുണ്ട്.
ഇതിന് മുമ്പ് ബ്രഹ്‌മപുരത്ത് ഉണ്ടായ തീപിടിത്തം ജനജീവിതം ദുസ്സഹമാക്കിയിരുന്നു. മാർച്ച് ഒന്നിന് വൈകിട്ട് നാലേകാലിന് ആരംഭിച്ച തീപിടിത്തം മാർച്ച് 13ന് ആണ് പൂർണമായും അണക്കാൻ സാധിച്ചത്. കൊച്ചിയെയും സമീപപ്രദേശങ്ങളിലെയും മൂടിയ പുകയും മലിനീകരണവും മൂലം ജനങ്ങൾക്ക് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായി. തീപിടിത്തത്തിൽ കൊച്ചി കോർപറേഷന് 100 കോടി രൂപ ദേശീയ ഹരിത ട്രൈബ്യൂണൽ പിഴ ചുമത്തുകയും ചെയ്‌തിരുന്നു.
Most Read: ഇന്നസെന്റിന് വിട; കൊച്ചിയിൽ ഇന്ന് പൊതുദർശനം- സംസ്‌കാരം നാളെ