എറണാകുളം: നടനും ചാലക്കുടി മുൻ എംപിയുമായ ഇന്നസെന്റിന്റെ സംസ്‌കാരം നാളെ. രാവിലെ പത്ത് മണിക്ക് ഇരിങ്ങാലക്കുട കത്തീഡ്രൽ പള്ളി സെമിത്തേരിയിലാണ് സംസ്‌കാരം. ഇന്ന് രാവിലെ എട്ടുമുതൽ 11 വരെ കടവന്ത്ര ഇൻഡോർ സ്‌റ്റേഡിയത്തിലും ഉച്ചക്ക് 12 മുതൽ 3.30 വരെ ഇരിങ്ങാലക്കുട ടൗൺ ഹാളിലും പൊതുദർശനം ഉണ്ടാകും. വൈകിട്ട് മൂന്നരക്ക് സ്വവസതിയായ ഇരിങ്ങാലക്കുട ‘പാർപ്പിട’ത്തിൽ എത്തിക്കും.
മലയാള ചലച്ചിത്ര സാംസ്‌കാരിക രാഷ്‌ട്രീയ രംഗത്തെ നിറ സാന്നിധ്യമായിരുന്ന നടൻ ഇന്നസെന്റ് (75) ഇന്നലെ രാത്രിയാണ് അന്തരിച്ചത്. കൊച്ചിയിലെ പിവിഎസ് ലേക്ക്‌ഷോർ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. അര്‍ബുദബാധയുടെ ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് രണ്ടാഴ്‌ച മുമ്പാണ് ഇന്നസെന്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം മൂർച്ഛിച്ചതോടെ പല അവയവങ്ങളും പ്രവർത്തനക്ഷമം അല്ലാതാവുകയായിരുന്നു.
അതേസമയം, ഇന്നസെന്റിന്റെ വിയോഗത്തിൽ മലയാള സിനിമാ ലോകം ഒന്നടങ്കം കണ്ണീരിലലിഞ്ഞിരിക്കുകയാണ്. വിയോഗ വാർത്തയറിഞ്ഞു രാഷ്‌ട്രീയ- സിനിമാ-സാംസ്‌കാരിക രംഗത്തെ നിരവധിപ്പേരാണ് ഇന്നസെന്റിനെ ഒരുനോക്ക് കാണാൻ എത്തുന്നത്. 750 ഓളം ചിത്രങ്ങളിൽ അഭിനനയിച്ച ഇന്നസെന്റ് 1972ൽ ‘നൃത്തശാല’ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ എത്തിയത്.
മികച്ച സഹനടനുള്ള സംസ്‌ഥാന സർക്കാർ അവാർഡും ഫിലിം ക്രിട്ടിക്‌സ് അവാർഡും ലഭിച്ചിട്ടുണ്ട്. ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റായി 2003 മുതൽ 2018 വരെ പ്രവർത്തിച്ചിട്ടുണ്ട്. അഭിനയത്തിനൊപ്പം രാഷ്‌ട്രീയയത്തിലും ഇന്നസെന്റ് സജീവ സാന്നിധ്യമായിരുന്നു. ഇടതുപക്ഷ പിന്തുണയിൽ സ്വതന്ത്രനായി ചാലക്കുടി മണ്ഡലത്തെ പ്രതിനിധീകരിച്ച് ഇന്ത്യയുടെ പതിനാറാം ലോകസഭയിലേക്ക് മൽസരിച്ചു ജയിച്ചിരുന്നു.
Most Read: കായൽ സംരക്ഷണം; കേരളത്തിന് പത്ത് കോടി പിഴയിട്ട് ദേശീയ ഹരിത ട്രൈബ്യൂണൽ