തിരുവനന്തപുരം: സംസ്‌ഥാനത്തെ കായൽ സംരക്ഷണത്തിൽ വീഴ്‌ച വരുത്തിയതിന് കേരള സർക്കാരിന് പത്ത് കോടി രൂപ പിഴയിട്ട് ദേശീയ ഹരിത ട്രൈബ്യൂണൽ. വേമ്പനാട്, അഷ്‌ടമുടി കായലുകളിലെ മലിനീകരണം ഒഴിവാക്കാനും ഹരിത ട്രൈബ്യൂണൽ സർക്കാരിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
പത്ത് കോടി രൂപ ഒരുമാസത്തിനുള്ളിൽ ചീഫ് സെക്രട്ടറിയുടെ അക്കൗണ്ടിൽ നിക്ഷേപിക്കാനാണ് സംസ്‌ഥാന സർക്കാരിന് ദേശീയ ഹരിത ട്രൈബ്യൂണൽ നിർദ്ദേശം നൽകിയിരിക്കുന്നത്. കൂടാതെ, ആറുമാസത്തിനുള്ളിൽ കായൽ ശുചീകരണത്തിനുള്ള കർമപദ്ധതി തയ്യാറാക്കാനും ഹരിത ട്രൈബ്യൂണൽ ഉത്തരവിൽ പറയുന്നു.
അതിനുള്ളിൽ കുറ്റക്കാരായ ഉദ്യോഗസ്‌ഥർ, സ്‌ഥാപനങ്ങൾ എന്നിവരിൽ നിന്ന് പിഴത്തുക ഈടാക്കണമെന്നും ഉത്തരവിൽ പറയുന്നുണ്ട്. പരിസ്‌ഥിതി പ്രവർത്തകനായ കെവി കൃഷ്‌ണദാസാണ് സർക്കാരിനെതിരെ ദേശീയ ഹരിത ട്രൈബ്യൂണലിൽ കേസ് ഫയൽ ചെയ്‌തിരുന്നത്.
ജസ്‌റ്റിസ് ആദർശ് കുമാർ ഗോയൽ, ജുഡീഷ്യൽ അംഗം ജസ്‌റ്റിസ് സുധീർ അഗർവാൾ, വിഷയ വിദഗ്‌ധൻ ഡോ. എ സെന്തിൽവേൽ എന്നിവർ ഉൾപ്പെട്ട ഹരിത ട്രൈബ്യൂണലിന്റെ പ്രിൻസിപ്പൽ ബെഞ്ചാണ് കേസിൽ വിധി പ്രസ്‌താവിച്ചത്.
തണ്ണീർത്തടങ്ങൾ കൂടിയായ വേമ്പനാട്, അഷ്‌ടമുടി കായലുകൾക്ക് ചുറ്റുമുള്ള സ്‌ഥാപനങ്ങളും കേരള സർക്കാരും മാലിന്യസംസ്‌കരണം കൃത്യമായി നടത്തുന്നതിൽ വീഴ്‌ച വരുത്തിയെന്നാണ് ട്രൈബ്യൂണലിന്റെ വിലയിരുത്തൽ. വേമ്പനാട്, അഷ്‌ടമുടി കായലുകളിലെ വെള്ളം പരിശോധിച്ചപ്പോൾ 100 മില്ലീലിറ്ററിൽ 2500ൽ അധികം കോളിഫോം ബാക്‌ടീരിയകളുടെ സാന്നിധ്യം സ്‌ഥിരീകരിച്ചിരുന്നു.
Most Read: ബ്രഹ്‌മപുരത്ത് വീണ്ടും തീപിടിത്തം; നിയന്ത്രണ വിധേയമെന്ന് കളക്‌ടർ