കൊച്ചി: ബ്രഹ്‌മപുരം മാലിന്യ പ്ളാന്റിൽ വീണ്ടും തീപിടിത്തം. സെക്റ്റർ ഏഴിലെ മാലിന്യ കൂമ്പാരത്തിനാണ് തീപിടിച്ചതെന്ന് എറണാകുളം കളക്‌ടർ എൻഎസ്‌കെ ഉമേഷ് അറിയിച്ചു. നിലവിൽ സ്‌ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും കളക്‌ടർ അറിയിച്ചു. ബ്രഹ്‌മപുരത്ത് തുടർന്നിരുന്ന അഗ്‌നിരക്ഷാ സേനയുടെ യൂണിറ്റുകൾക്ക് പുറമെ തൃക്കാക്കര, തൃപ്പുണിത്തുറ, പട്ടിമറ്റം, ഏലൂർ എന്നിവിടങ്ങളിലിൽ നിന്നുള്ള നാല് യൂണിറ്റുകൾ സ്‌ഥലത്ത് എത്തിയിട്ടുണ്ട്.
തീ നിയന്ത്രണ വിധേയമാണെന്ന് അഗ്‌നിരക്ഷാ സേനാ വിഭാഗം അറിയിച്ചു. ഫയർ വാച്ചർമാരെ നിയോഗിച്ചിട്ടുള്ളതിനാൽ തീപിടിത്തമുണ്ടായ ഉടൻ തന്നെ തീയണയ്‌ക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും സേനാ വിഭാഗം അറിയിച്ചു. റീജിയണൽ ഫയർ ഓഫിസർ ജെഎസ് സുജിത്ത് കുമാറിന്റെയും ജില്ലാ ഫയർ ഓഫീസർ കെ ഹരികുമാറിന്റെയും നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
അതേസമയം, ബ്രഹ്‌മപുരത്ത് വീണ്ടും തീപിടിത്തം ഉണ്ടാകാനുള്ള കാരണം വ്യക്‌തമല്ല. കൂനയായി കിടക്കുന്ന മാലിന്യം ഇളക്കിയിട്ട് തീയണയ്‌ക്കാനാണ് ശ്രമിക്കുന്നത്. പ്രദേശത്ത് കനത്ത പുകയാണ് ഉയരുന്നത്. തീപിടിച്ച പ്രദേശത്തെ മാലിന്യം മണ്ണുമാന്തി ഉപയോഗിച്ച് ഇളക്കി നനയ്‌ക്കുകയാണ്. പ്ളാസ്‌റ്റിക് കൂട്ടിയിട്ടിരുന്നതിൽ നിന്നാണ് തീ കത്തിയതെന്നാണ് നിഗമനം.
മാർച്ച് ഒന്നിന് വൈകിട്ട് നാലേകാലിന് ആരംഭിച്ച തീപിടിത്തം മാർച്ച് 13ന് പൂർണമായും അണച്ചിരുന്നു. കൊച്ചിയെയും സമീപപ്രദേശങ്ങളിലെയും മൂടിയ പുകയും മലിനീകരണവും മൂലം ജനങ്ങൾക്ക് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായി. തീപിടിത്തത്തിൽ കൊച്ചി കോർപറേഷന് 100 കോടി രൂപ ദേശീയ ഹരിത ട്രൈബ്യൂണൽ പിഴ ചുമത്തുകയും ചെയ്‌തിരുന്നു.
Most Read: വയനാട് ലോക്‌സഭ; ഉപതിരഞ്ഞെടുപ്പ് നടന്നാൽ മൽസരിക്കുമെന്ന് ബിഡിജെഎസ്