തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വത്തിന് അയോഗ്യത പ്രഖ്യാപിച്ചതിന് പിന്നാലെ, വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചു ബിഡിജെഎസ്. വയനാട് ഉപതിരഞ്ഞെടുപ്പ് നടന്നാൽ ബിഡിജെഎസ് മൽസരിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇതിനായി പാർട്ടിക്കുള്ളിൽ കരുക്കൾ നീക്കിത്തുടങ്ങിയിട്ടുണ്ട്. നിലപാട് ബിജെപി കേന്ദ്രത്തെ അറിയിച്ചതായാണ് സൂചന.
ബിഡിജെഎസ് സംസ്‌ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി ബിഎൽ സന്തോഷുമായി കൂടിക്കാഴ്‌ച നടത്തി. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ വയനാട് സീറ്റിൽ ബിഡിജെഎസ് സ്‌ഥാനാർഥി മൽസരിക്കുമെന്ന് പാർട്ടി വൃത്തങ്ങൾ പറയുന്നു. ഇക്കാര്യത്തിൽ ഡെൽഹിയിലുള്ള സംസ്‌ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി കേന്ദ്ര നേതൃത്വത്തെ കണ്ടു ചർച്ച നടത്തും. ഇന്ന് ഡെൽഹിയിൽ ജെപി നദ്ദയുമായി ബിഡിജെഎസ് നേതാക്കളുടെ കൂടിക്കാഴ്‌ച നടന്നിരുന്നു.
2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിക്കെതിരെ വയനാട്ടിൽ മൽസരിച്ചത് തുഷാർ വെള്ളാപ്പള്ളി ആയിരുന്നു. അതേസമയം, രാഹുൽ ഗാന്ധിയെ അയോഗ്യൻ ആക്കിയതിനെതിരെ അപ്പീൽ നൽകുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാൻ അഭിഷേക് മനു സിഗ്‌വി അടങ്ങുന്ന സമിതി ഇന്ന് യോഗം ചേരുന്നുണ്ട്. ചൊവ്വാഴ്‌ചയോടെ സൂറത്ത് കോടതി വിധിക്കെതിരെ അപ്പീൽ നൽകാനാണ് തീരുമാനം.
Most Read: 36 ഉപഗ്രഹങ്ങളുമായി എൽവിഎം-ത്രീ ബഹിരാകാശത്തേക്ക് കുതിച്ചുയർന്നു