പാലക്കാട്: ജില്ലയിലെ കഞ്ചിക്കോട് ജനവാസ മേഖലയിൽ ഇറങ്ങിയ ഒറ്റയാനെ തിരികെ കാടുകയറ്റി. ഇന്ന് രാവിലെ 6 മണിയോടെ ജനവാസ മേഖലയിൽ ഇറങ്ങിയ കൊമ്പൻ 3 മണിക്കൂറിലധികമാണ് ആളുകൾക്കിടയിൽ ആശങ്ക സൃഷ്‌ടിച്ചത്. തുടർന്ന് വനപാലകരും നാട്ടുകാരും ചേർന്ന് പടക്കം പൊട്ടിച്ചും ബഹളം കൂട്ടിയുമാണ് ആനയെ കാടു കയറ്റിയത്.
പ്രദേശത്ത് നിരന്തരമായി കാടിറങ്ങി ആശങ്ക സൃഷ്‌ടിക്കുന്ന ബിടി ഫൈവെന്ന് വിളിപ്പേരുള്ള ഒറ്റയാനാണ് ഇന്നും നാട്ടിലിറങ്ങിയത്. ഇതിനിടെ ആന ട്രാക്ക് കടക്കുന്നതിനിടയിൽ ഗുഡ്‌സ് ട്രെയിൻ എത്തുകയും, തുടർന്ന് നാട്ടുകാർ ബഹളം വച്ച് ട്രെയിൻ തടഞ്ഞിടുകയും ചെയ്യുകയായിരുന്നു. ശേഷം 10 മിനിറ്റ് കഴിഞ്ഞാണ് ട്രെയിൻ ഹോൺ മുഴക്കി മുന്നോട്ട് നീങ്ങിയത്.
കൂടാതെ പ്രദേശത്തുള്ള വീടുകൾക്ക് സമീപം ഏറെ നേരം നിലയുറപ്പിക്കുകയും, കൂടാതെ കൃഷിയിടങ്ങളിൽ വ്യാപക നാശം വരുത്തുകയും ചെയ്‌തിട്ടുണ്ട്. തിരികെ കാട് കയറ്റുന്നതിനിടയിലും ആന ട്രാക്കിന് സമീപം ഏറെ നേരം നിലയുറപ്പിച്ചിരുന്നു. തുടർന്ന് പടക്കം പൊട്ടിച്ചും മറ്റും അരമണിക്കൂറിന് ശേഷമാണ് കൊമ്പൻ തിരികെ കാട് കയറിയത്.
Read also: ഓടുന്ന ട്രെയിനിയില്‍ യുവതി കൂട്ട ബലാൽസംഗത്തിന് ഇരയായി