പാലക്കാട്: മലമ്പുഴയിൽ കാട്ടാനക്കുട്ടി ഷോക്കേറ്റ് ചരിഞ്ഞു. ആനക്കല്ലിലെ എസ്‌റ്റേറ്റിലാണ് മൂന്ന് വയസ് പ്രായമുള്ള കാട്ടാനക്കുട്ടിയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
ഇന്ന് രാവിലെയാണ് കാട്ടാനക്കുട്ടിയെ ജഡം നാട്ടുകാർ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് അപകടമുണ്ടായതെന്നാണ് നിഗമനം.
ആനക്കല്ലിൽ മലബാർ ദേവസ്വം ബോർഡ് പാട്ടത്തിന് നൽകിയ എലാക്ക് എസ്‌റ്റേറ്റിലായിരുന്നു ജഡം കണ്ടത്. കാട്ടാനക്കുട്ടിയുടെ സമീപത്ത് കാട്ടാനക്കൂട്ടം നിലയുറപ്പിച്ചിരുന്നു. ചരിഞ്ഞ കുട്ടിയാനക്കരികിൽ നിന്നും മാറാതെ തള്ളയാന ഏറെനേരം നിന്നു. തുടർന്ന് നാട്ടുകാർ വനം വകുപ്പ് ഉദ്യോഗസ്‌ഥരെ വിവരം അറിയിക്കുകയായിരുന്നു.
എസ്‌റ്റേറ്റിനുള്ളിലെ മോട്ടോർ പുരയിലേക്കുള്ള വൈദ്യുത ലൈനിൽ നിന്നാണ് ഷോക്കേറ്റത്. വൈദ്യുത ലൈൻ കൊമ്പിൽ കുരുങ്ങിയ നിലയിലായിരുന്നു. അതേസമയം പ്രദേശത്ത് കാട്ടാനയിറങ്ങുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു.
വനം വകുപ്പ് ഉദ്യോഗസ്‌ഥർ സ്‌ഥലത്തെത്തി പരിശോധന നടത്തി. പോസ്‌റ്റുമോർട്ടത്തിന് ശേഷം ജഡം സംസ്‌കരിച്ചു.
Malabar News: കോട്ടക്കലിൽ നവവരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസ്; 6 പേർ അറസ്‌റ്റിൽ