വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം; രേഖകൾ പുറത്തുവിടാൻ ബൈഡന്റെ ഉത്തരവ്

By Desk Reporter, Malabar News
Jo-Biden about world trade center attack
Ajwa Travels

വാഷിംഗ്‌ടൺ: ലോകത്തെ നടുക്കിയ 2001ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണവുമായി ബന്ധപ്പെട്ട അന്വേഷണ രേഖകള്‍ പരസ്യമാക്കാന്‍ ഉദ്യോഗസ്‌ഥര്‍ക്ക് നിർദ്ദേശം നല്‍കി യുഎസ് പ്രസിഡണ്ട് ജോ ബൈഡന്‍. 2001 സെപ്റ്റംബര്‍ 11ന് നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്‌റ്റിഗേഷന്‍ (എഫ്ബിഐ) നടത്തിയ അന്വേഷണത്തില്‍ ലഭിച്ച രഹസ്യ രേഖകള്‍ പരസ്യമാക്കാനാണ് നീതിന്യായ വകുപ്പിനോടും മറ്റ് ഏജന്‍സികളോടും ബൈഡന്‍ ഉത്തരവിട്ടത്. ആറു മാസത്തിനുള്ളില്‍ ഇതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കണമെന്നും ബൈഡന്‍ നിർദ്ദേശിച്ചു.

”ഞാന്‍ പ്രസിഡണ്ട് സ്‌ഥാനത്തേക്ക് മൽസരിച്ചപ്പോള്‍, 2001 സെപ്റ്റംബര്‍ 11ന് യുഎസിനെതിരെ നടത്തിയ ഭീകരാക്രമണവുമായി ബന്ധപ്പെട്ട വിവരങ്ങളുടെ സുതാര്യത ഉറപ്പുവരുത്തുമെന്ന് വാക്കു നല്‍കിയിരുന്നു. ആ വാക്ക് പാലിക്കാന്‍ ഇപ്പോള്‍ ഞാന്‍ പ്രതിജ്‌ഞാബദ്ധനാണ്,”- ബൈഡൻ പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു.

”ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്‌റ്റിഗേഷന്റെ രേഖകള്‍ പരസ്യപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ നീതിന്യായ വകുപ്പിനെയും മറ്റ് ബന്ധപ്പെട്ട ഏജന്‍സികളെയും ചുമതലപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവില്‍ ഒപ്പിട്ടു കഴിഞ്ഞു. ഇതുപ്രകാരം അറ്റോര്‍ണി ജനറല്‍ അടുത്ത ആറ് മാസത്തിനുള്ളില്‍ ഈ രഹസ്യരേഖകള്‍ പരസ്യപ്പെടുത്തണം,”- ബൈഡന്‍ പറഞ്ഞു.

വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ 20ആം വാര്‍ഷികം അടുത്തിരിക്കെയാണ് ബൈഡന്റെ ഉത്തരവ്. അന്വേഷണ രേഖകള്‍ പരസ്യമാക്കാന്‍ ആവശ്യപ്പെട്ട് അന്നത്തെ ആക്രമണത്തെ അതിജീവിച്ചവരും ആക്രമണത്തിന് ഇരകളായ മൂവായിരത്തോളം പേരുടെ ബന്ധുക്കളും ബൈഡന് കത്തയച്ചിരുന്നു. അൽഖ്വയ്‌ദ തീവ്രവാദികളെ സൗദി സര്‍ക്കാരിലെ ഉദ്യോഗസ്‌ഥർ സഹായിച്ചുവെന്ന് തെളിയിക്കുന്ന രേഖകള്‍ അമേരിക്ക മനപ്പൂര്‍വ്വം മറച്ചുവെക്കുകയാണ് എന്നായിരുന്നു ഇവര്‍ കത്തില്‍ ആരോപിച്ചിരുന്നത്. രേഖകള്‍ പുറത്തുവിടാത്ത പക്ഷം അടുത്ത ആഴ്‌ച നടക്കേണ്ട അനുസ്‌മരണ പരിപാടികള്‍ ഒഴിവാക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

സെപ്റ്റംബര്‍ 11ലെ ഭീകരാക്രമണം സംഘടിപ്പിച്ച 19ല്‍ 15 പേരും സൗദി പൗരന്‍മാരായിരുന്നു. ലോകംകണ്ട ഏറ്റവുംവലിയ ഭീകരാക്രമണങ്ങളില്‍ ഒന്നായിരുന്നു മൂവായിരത്തോളം പേരുടെ ജീവനെടുത്ത വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം. രണ്ട് പാസഞ്ചര്‍ എയര്‍ലൈനുകളായിരുന്നു വേള്‍ഡ് ട്രേഡ് സെന്ററില്‍ അന്ന് ഇടിച്ചു കയറ്റിയത്. മൂന്നാമത്തേത് പെന്റഗണില്‍ തകര്‍ന്നുവീണു. വാഷിംഗ്‌ടൺ ഡിസിയിലേക്ക് പറന്ന നാലാമത്തെ വിമാനം പെന്‍സില്‍വാനിയയിലെ ഒരു വയലില്‍ തകര്‍ന്നു വീഴുകയും ചെയ്‌തിരുന്നു. തുടക്കത്തില്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ബിന്‍ ലാദന്‍ പിന്നീടത് നിഷേധിക്കുകയായിരുന്നു.

Most Read:  കശ്‌മീരികളിൽ നിന്നും തോക്ക് കണ്ടെത്തിയ സംഭവം; അന്വേഷണം ആരംഭിച്ച് എൻഐഎ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE