കൈകൾ കൊണ്ട് ഗിന്നസിലേക്ക് ഓടിക്കയറി സയോൺ ക്ളാർക്ക്

By TK Midhuna, Official Reporter
  • Follow author on
Zion Clark ran to Guinness with his hands
Ajwa Travels

ലോകം കീഴടക്കാൻ, സ്വപ്‌നങ്ങൾ കയ്യെത്തി പിടിക്കാൻ ആത്‌മധൈര്യവും നിശ്‌ചയദാർഢ്യവും മതിയെന്നും ശാരീരിക പരിമിതികൾ അതിനൊരു തടസം അല്ലെന്നും തെളിയിക്കുകയാണ് അമേരിക്കയിലെ ഒഹയോയിൽ നിന്നുള്ള കായികതാരവും മോട്ടിവേഷണൽ സ്‌പീക്കറുമായ സയോൺ ക്ളാർക്ക് എന്ന 24കാരൻ. ഈ വർഷം ഫെബ്രുവരിയിൽ 4.78 സെക്കൻഡിൽ രണ്ട് കൈകൾ കൊണ്ട് 20 മീറ്റർ വേഗത്തിൽ ഓടി ഗിന്നസ് റെക്കോർഡ് നേടിയ സയോൺ ക്ളാർക്കിന്റെ ജീവിതം ആരെയും പ്രചോദിപ്പിക്കുന്നതാണ്.

അപൂർവ ജനിതക തകരാറ് കാരണം കാലുകളില്ലാതെ ജനിച്ച സയോൺ ക്ളാർക്ക്, വിധിയുടെ മുന്നിൽ തോറ്റുകൊടുക്കാൻ തയ്യാറായിരുന്നില്ല. സ്‌കൂൾ കാലഘട്ടം മുതൽക്കെ ഗുസ്‌തി ഉൾപ്പെടെ നിരവധി കായിക ഇനങ്ങളിൽ അതീവ തൽപരനായിരുന്നു ക്ളാർക്ക്. കൈകളാൽ ഏറ്റവും വേഗം ഓടിയെത്തുകയെന്നത് ക്ളാർക്കിന്റെ സ്വപ്‌നമായിരുന്നു. നിരന്തരമായ തോൽവികൾക്കും പരിശ്രമങ്ങൾക്കുമൊടുവിൽ ക്ളാർക്ക് തന്റെ ലക്ഷ്യം നേടിയെടുത്തു.

ഫിനിഷിങ് പോയിന്റ് കടന്നുവെന്ന് മനസിലാക്കുന്നതിന് മുമ്പ് തന്നെ എന്റെ ശരീരവും മനസും ആഹ്ളാദപൂരിതമായെന്ന് ക്ളാർക്ക് പറയുന്നു. താനും അമ്മയും ഉൾപ്പടെ എല്ലാവരും ആകാംഷാഭരിതരായിരുന്നു. അനിർവചനീയമായ നിമിഷമായിരുന്നുവതെന്നും ക്ളാർക്ക് പറഞ്ഞു. തന്റെ വിജയത്തിന്റെ കാരണം നിരന്തരമായ പരിശ്രമമാണ്. ഒരു സുപ്രഭാതത്തിൽ ഉറങ്ങി എഴുന്നേറ്റപ്പോൾ പെട്ടെന്ന് കിട്ടിയ നേട്ടമല്ല ഇത്. ലോകത്തിലെ ഏറ്റവും വേഗതയേറിയ മനുഷ്യനായി ഞാൻ മാറിയതിന് പിന്നിൽ നിരന്തരമായ പരിശീലനവും സമയവുമുണ്ട്; അദ്ദേഹം പറഞ്ഞു. ‘No excuses‘ (ഒഴിവുകഴിവുകൾ ഇല്ല) എന്നാണ് ഇദ്ദേഹം സ്വന്തം പുറത്ത് ടാറ്റൂ ചെയ്‌തിരിക്കുന്നത്‌.

ക്ളാർക്കിന്റെ പരിശീലന വീഡിയോ ഒരിക്കൽ വൈറൽ ആയിരുന്നു. ഇതാണ് ആദ്യം ഗിന്നസ് ഉദ്യോഗസ്‌ഥരുടെ ശ്രദ്ധ ആകർഷിച്ചത്. രണ്ട് കൈകൊണ്ട് ഏറ്റവും വേഗതയേറിയ വ്യക്‌തിയാകാൻ കഴിയുമെന്ന് അറിയിച്ചുകൊണ്ട് അവർ ക്ളാർക്കിനെ സമീപിച്ചു. അത് ക്ളാർക്കിനെ സംബന്ധിച്ച് വലിയ അവസരവും അംഗീകാരവും ആയിരുന്നു. തുടർന്ന് കുറച്ച് മാസങ്ങൾക്ക് ശേഷം ക്ളാർക്ക് ഔദ്യോഗികമായി തന്നെ ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി. ‘ഇതിഹാസമാണ് ഈ വ്യക്‌തി’ എന്നാണ് ഗിന്നസ് വേൾഡ് റെക്കോർഡ് അധികാരികൾ ക്ളാർക്കിനെ കുറിച്ച് പറഞ്ഞത്.ഒളിമ്പിക്‌സ് സ്വർണ ജേതാവും ഗിന്നസ് റെക്കോർഡ് നേട്ടക്കാരനുമായ ബച്ച് റെയ്‌നോൾഡ്‌സ് ആണ് ക്ളാർക്കിന്റെ പരിശീലകൻ. നീണ്ട കാലത്തെ സ്വപ്‌ന സാക്ഷാൽകാരത്തിനായി ക്ളാർക്കിനെ പാകപ്പെടുത്തിയതും ധൈര്യം നൽകിയതുമെല്ലാം ഇദ്ദേഹമായിരുന്നു. വൈകല്യങ്ങളുള്ളവരോട് പ്രത്യേകിച്ച് അത്തരത്തിലുള്ള കുഞ്ഞുങ്ങളോട് ക്ളാർക്കിന് പറയാനുള്ളത് ഇതാണ്.. ”പ്രയാസമായിരിക്കും.. എങ്കിലും ഹൃദയത്തിൽ നിശ്‌ചയദാർഢ്യമുണ്ടെങ്കിൽ ആഗ്രഹങ്ങൾ നേടിയെടുക്കാം.. നിങ്ങൾക്ക് വൈകല്യമുണ്ടെങ്കിലും ഇല്ലെങ്കിലും എന്റെ സന്ദേശം ഇതുതന്നെ..”

ക്ളാർക്ക് ഗർഭസ്‌ഥ ശിശുവായിരിക്കെ അമ്മ ശരിയായി ആരോഗ്യശുശ്രൂഷ നടത്താതിരുന്നതാണ് വൈകല്യത്തിന് കാരണമായതെന്ന് ഡോക്‌ടർമാർ പറയുന്നു. ഗർഭിണിയായിരിക്കെ മയക്കുമരുന്നുകൾ അമിതമായി ഉപയോഗിച്ചതും ക്ളാർക്കിനെ ദോഷമായി ബാധിച്ചു. കോഡൽ റിഗ്രസീവ് സിൻഡ്രോം ബാധിതനാകാൻ കാരണവും അതുതന്നെ. രണ്ട് ശസ്‌ത്രക്രിയകൾക്ക് ശേഷമാണ് നേരെ നട്ടല്ലുനിവർത്തി നിൽക്കാൻ പോലും ക്ളാർക്കിന് സാധ്യമായത്.

സയോൺ ക്ളാർക്ക് അമ്മ കിംബേർലി ഹോക്കിൻസിനൊപ്പം

16 വയസ് വരെ അനാഥലായത്തിലായിരുന്നു ക്ളാർക്ക് വളർന്നത്. ഇക്കാലയളവിൽ നിരവധി മാനസിക പീഡനങ്ങൾക്കും ക്ളാർക്ക് വിധേയനായി. ഒടുവിൽ സ്‌നേഹനിധിയായ ഒരമ്മ ക്ളാർക്കിനെ തേടിയെത്തുകയും ദത്തെടുത്ത് പരിചരിക്കുകയും ചെയ്‌തു. തന്റെ ജീവിതത്തിൽ നടന്ന ഏറ്റവും നല്ല കാര്യം കിംബേർലി ഹോക്കിൻസ് എന്ന സ്‌ത്രീ തന്നെ മകനായി സ്വീകരിച്ചതാണെന്ന് ക്ളാർക്ക് പറയുന്നു. സ്‌കൂളിലും നാട്ടിലുമായി നിരന്തരമായി തന്നെ അവഹേളിച്ചവരോട് ക്ളാർക്കിന് ഇന്ന് ഒന്നേ പറയാനുള്ളൂ.. “നന്ദി.. അകമഴിഞ്ഞ നന്ദി.. എന്നെ ഇത്രയും ശക്‌തനാക്കിയതിന് ഹൃദയത്തിൽ നിന്നും നന്ദി..” 2024ൽ പാരീസിൽ നടക്കാനിരിക്കുന്ന ഒളിംപിക്‌സ്-പാരാലിമ്പിക്‌സുകളിൽ ഗുസ്‌തിയിലും വീൽചെയർ റേസിങ്ങിലും മൽസരിക്കുകയാണ് ഇനി ക്ളാർക്കിന്റെ സ്വപ്‌നം.

Most Read:  പരസ്യത്തിലൂടെ ലഭിച്ച ഒരുകോടി രൂപ സിനിമാ തൊഴിലാളികൾക്ക് സംഭാവന നൽകി വിജയ് സേതുപതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE