കോഴിക്കോട്: കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ പ്രായത്തട്ടിപ്പ് നടത്തി മൽസരത്തിൽ പങ്കെടുത്തതായി സ്ഥിരീകരണം. കോട്ടയം കോരുത്തോട് സ്കൂളിലെ കുട്ടി പ്രായം തിരുത്തി മൽസരത്തിൽ പങ്കെടുത്തതായാണ് സ്ഥിരീകരിച്ചത്. എല്ല് പരിശോധനയിലാണ് പ്രായം തെളിഞ്ഞത്.
സബ് ജൂനിയർ 400 മീറ്ററിൽ കുട്ടി സ്വർണം നേടിയിരുന്നു. സബ് ജൂനിയർ 100 മീറ്ററിൽ മൽസരിക്കാൻ ഇരിക്കെയാണ് പരിശോധനാഫലം പുറത്തുവന്നത്. പിന്നാലെ 400 മീറ്ററിൽ പുതിയ വിജയിയെ പ്രഖ്യാപിച്ചു. 14 വയസിന് താഴെയുള്ളവർ മൽസരിക്കുന്ന സബ് ജൂനിയർ വിഭാഗത്തിലാണ് വ്യാജ പ്രായം കാണിച്ച് താരം പങ്കെടുത്തത്.
എന്നാൽ, മെഡിക്കൽ റിപ്പോർട് പ്രകാരം കുട്ടിക്ക് 15നും 18നും ഇടയിൽ പ്രായമുണ്ടെന്ന് തെളിഞ്ഞു. തട്ടിപ്പ് തെളിഞ്ഞതോടെ കുട്ടിയെ തൽക്കാലം തുടർന്നുള്ള മൽസരങ്ങളിൽ പങ്കെടുപ്പിക്കേണ്ടതില്ലെന്ന് അപ്പീൽ കമ്മിറ്റി തീരുമാനിച്ചു. പൊതു വിദ്യാഭ്യാസ സെക്രട്ടറിയുടെ റിപ്പോർട്ടിന് ശേഷമായിരിക്കും അന്തിമ നടപടി. സംസ്ഥാന സ്കൂൾ കായികമേളയുടെ ചരിത്രത്തിൽ ആദ്യമായാണ് എല്ല് പരിശോധനയിലൂടെ പ്രായത്തട്ടിപ്പ് കണ്ടെത്തുന്നത്.
Most Read| 60,000 ജീവനക്കാരെ ഒഴിവാക്കാൻ മൈക്രോസോഫ്റ്റ്; ഇന്ത്യയിൽ നിക്ഷേപം തുടരും

































