100 ദിനം; 20 ലക്ഷം തൊഴിലവസരങ്ങൾ; പ്രഖ്യാപനവുമായി സർക്കാർ

By News Desk, Malabar News
Ajwa Travels

തിരുവനന്തപുരം: കോവിഡ് മഹാമാരി മൂലമുണ്ടായ സാമ്പത്തിക മാന്ദ്യം മറികടക്കാൻ 100 ദിന കർമപദ്ധതി പ്രഖ്യാപിച്ച് രണ്ടാം ഇടത് സർക്കാർ. കൃഷി, തൊഴിൽ, ആരോഗ്യം, അടിസ്‌ഥാന സൗകര്യങ്ങൾ എന്നീ മേഖലകൾക്ക് പ്രാധാന്യം നൽകിക്കൊണ്ടാണ് സർക്കാർ ആദ്യ നൂറുദിന കർമപദ്ധതികൾ പ്രഖ്യാപിച്ചിരിക്കുന്നത്. ജൂൺ 11 മുതൽ സെപ്‌റ്റംബർ 19 വരെ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികളാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. പൊതുമരാമത്ത് വകുപ്പ്, റീബിൽഡ് കേരള ഇനീഷ്യേറ്റീവ്, കിഫ്‌ബി എന്നിവയിലൂടെ 2464.92 കോടി രൂപയുടെ പരിപാടികളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക സുരക്ഷ എന്നിവയിൽ സംസ്‌ഥാനം കൈവരിച്ച നേട്ടങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനും സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുന്നതിനും തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുന്നതിനുമുള്ള നയങ്ങൾക്കും പദ്ധതികൾക്കും ഊന്നൽ നൽകുമെന്ന് മുഖ്യമന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു. ദാരിദ്യ്ര നിർമാർജനം, സാമ്പത്തികവും സാമൂഹികവുമായ അസമത്വങ്ങൾ ഇല്ലാതാക്കുക, പരിസ്‌ഥിതി സൗഹാർദ വികസനം നടപ്പാക്കുക, ആരോഗ്യകരമായ നഗരജീവിതത്തിന് അനിയോജ്യമായ ആധുനിക ഖരമാലിന്യ സംസ്‌കരണ രീതികൾ സ്വീകരിക്കുക എന്നിവയ്‌ക്കും കൂടുതൽ പ്രാധാന്യം നൽകുമെന്ന് അദ്ദേഹം വ്യക്‌തമാക്കി.

20 ലക്ഷം അഭ്യസ്‌തവിദ്യർക്ക് തൊഴിലവസരം നൽകുന്ന പദ്ധതിയാണ് പ്രധാനം. ഇതിന്റെ രൂപരേഖ കെ-ഡിസ്‌കിന്റെ നേതൃത്വത്തിൽ തയ്യാറാക്കും. തദ്ദേശസ്വയംഭരണ സ്‌ഥാപനങ്ങളുടെ തലത്തിൽ ആയിരത്തിൽ അഞ്ചുപേർക്ക് തൊഴിലവസരങ്ങൾ സൃഷ്‌ടിക്കാനുള്ള പദ്ധതിയുടെ കരട് തദ്ദേശസ്വയംഭരണ സ്‌ഥാപനങ്ങൾ തയ്യാറാക്കും. പ്രത്യക്ഷമായും പരോക്ഷമായും 77,350 തൊഴിലവസരങ്ങളാണ് ആദ്യ നൂറുദിനത്തിൽ സൃഷ്‌ടിക്കപ്പെടുക. പിഎസ്‌സിക്ക് നിയമനങ്ങൾ വിട്ടുനൽകാൻ തീരുമാനിച്ച സ്‌ഥാപനങ്ങൾക്കുള്ള സ്‌പെഷ്യൽ റൂൾ രൂപവൽക്കരിക്കും. ജിഎസ്‌ടി വകുപ്പിൽ അധികമായി വന്നിട്ടുള്ള 200ഓളം തസ്‌തികകൾ തദ്ദേശസ്വയംഭരണ വകുപ്പിൽ സൃഷ്‌ടിച്ച് പിഎസ്‌സിക്ക് റിപ്പോർട് ചെയ്യും.

ഗെയിൽ പൈപ്പ്ലൈന്‍ (കൊച്ചി-പാലക്കാട്) ഉൽഘാടനം നടത്തും. പരിസ്‌ഥിതി സൗഹൃദ കെട്ടിട നിർമാണത്തിനുള്ള ഗ്രീൻ റിബേറ്റ് ഓഗസ്‌റ്റിൽ പ്രാബല്യത്തിൽ വരുന്ന രീതിയിൽ മാനദണ്ഡങ്ങൾ രൂപവൽക്കരിക്കും. കൊച്ചിയിൽ ഇന്റഗ്രേറ്റഡ് സ്‌റ്റാർട്ടപ്പ് ഹബ്ബ് തുടങ്ങും. ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും ജീവൻരക്ഷാ മരുന്നുകൾ വീട്ടുപടിക്കൽ എത്തിക്കുന്നതിന്റെ ഉൽഘാടനവുമുണ്ടാകും. കോവിഡ് ബാധിച്ച് മാതാപിതാക്കൾ മരണപ്പെട്ട് അനാഥരായ കുട്ടികൾക്കുള്ള ധനസഹായവിതരണം ആരംഭിക്കും. വിശപ്പുരഹിത കേരളം ജനകീയ ഹോട്ടലുകൾക്ക് റേറ്റിങ്‌ നൽകുന്നതും ആരംഭിക്കും.

റീബിൽഡ് കേരളയിലൂടെ ഒൻപത് റോഡുകൾ, 25,000 ഹെക്‌ടറിൽ ജൈവകൃഷി, 12,000 പട്ടയങ്ങളുടെ വിതരണം, പ്രവാസികൾക്കായി 100 കോടി രൂപയുടെ വായ്‌പാ പദ്ധതി തുടങ്ങിയവയും പ്രഖ്യാപനത്തിൽ ഉൾപ്പെടുന്നു. ഇതിനായി അന്താരാഷ്‌ട്ര ധനകാര്യ സ്‌ഥാപനങ്ങളായ ലോകബാങ്ക്, ജർമ്മൻ ബാങ്ക് കെഎഫ്‌ ഡബ്‌ള്യൂ, ഏഷ്യൻ ഇൻഫ്രാസ്‌ട്രക്‌ചർ ഇൻവെസ്‌റ്റ്‌മെന്റ് ബാങ്ക് (എഐഐബി) എന്നിവ 5,898 കോടി രൂപയുടെ വായ്‌പ അനുവദിച്ചിട്ടുണ്ട്.

കാർഷിക ഉൽപാദനം വർധിപ്പിക്കുന്നതിനൊപ്പം വിഷരഹിത ഭക്ഷണത്തിന്റെ ഉൽപാദനത്തിനും മുൻഗണന നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പദ്ധതികളുടെ പുരോഗതി നൂറുദിവസം കഴിയുമ്പോൾ പ്രത്യേകം അറിയിക്കും. പ്രകടനപത്രികയിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ നടപ്പാക്കാനുള്ളതാണെന്നും അതിന്റെ പുരോഗതി ഓരോ ഘട്ടത്തിലും ജനങ്ങൾ അറിയണമെന്ന കഴിഞ്ഞ സർക്കാരിന്റെ സമീപനമാണ് ഇപ്പോഴുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കൂട്ടിച്ചേർത്തു.

Also Read: ‘മാർട്ടിൻ ജോസഫിനെതിരെ പരാതിയുള്ളവർ സമീപിക്കണം’; പോലീസ് അറിയിപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE