പാലക്കാട്: ഒറ്റപ്പാലം റേഞ്ച് പരിധിയിൽ ഇതുവരെ കൊന്നത് 123 കാട്ടുപന്നികളെ. രണ്ടു മാസത്തിനിടയ്‌ക്കാണ് ഒറ്റപ്പാലം വനംവകുപ്പ് ഇത്രയധികം കാട്ടുപന്നികളെ വെടിവെച്ചുകൊന്നത്. ഇതോടെ മേഖലയിലെ കർഷകർക്ക് ആശ്വാസമായിരിക്കുകയാണ്. തിരുവാഴിയോട്, കുളപ്പുള്ളി, വല്ലപ്പുഴ, പട്ടാമ്പി ഭാഗങ്ങളിലാണ് കർഷകരെ വലച്ചിരുന്ന ഇത്രയുമധികം കാട്ടുപന്നികളെ കൊന്നത്.
വനംവകുപ്പ് ഒറ്റപ്പാലം റേഞ്ച് ഓഫിസിന് കീഴിൽ 19 പേർക്കാണ് കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാൻ അനുമതി ഉള്ളത്. കർഷകരുടെയും വനംവകുപ്പിന്റെയും തോക്ക് ലൈസൻസുള്ള വ്യക്‌തികളുടെയും നേതൃത്വത്തിലാണ് കാട്ടുപന്നികളെ വെടിവെക്കുന്നത്. വനപ്രദേശങ്ങളോട് ചേർന്ന് രണ്ട് കിലോമീറ്റർ പരിധിയിൽ അല്ലാത്ത ഇടങ്ങളിൽ കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെയാണ് വെടിവെച്ച് കൊല്ലാൻ അനുമതി ഉള്ളത്.
ഒറ്റപ്പാലം മേഖലയിൽ കാട്ടുപന്നി ശല്യം രൂക്ഷമായിരുന്നു. മേഖലയിലെ വാഴ, കിഴങ്ങുവർഗങ്ങൾ, നെൽ കൃഷി തുടങ്ങിയവ വ്യാപാകമായി നശിപ്പിച്ചിരുന്നു. തിരുവാഴിയോട്-25, കുളപ്പുള്ളി-31, പട്ടാമ്പി-67 എന്നിങ്ങനെയാണ് കാട്ടുപന്നികളെ കൊന്ന കണക്ക്. രണ്ടാംവിള ഇറക്കുന്ന സമയത്ത് വലിയ രീതിയിൽ കാട്ടുപന്നി ശല്യം ഉണ്ടയിരുന്നെന്നും കൃഷിനാശത്തെ തുടർന്ന് വൻ സാമ്പത്തിക നഷ്‌ടം ഉണ്ടായതായും മേഖലയിലെ കർഷകർ പറഞ്ഞു. എന്നാൽ, കാട്ടുപന്നികളെ കൊന്ന ഭാഗങ്ങളിൽ നിലവിൽ കൃഷി നാശം കുറഞ്ഞതായും കർഷകർ പറയുന്നു.
Most Read: 7 സ്‌പെഷ്യല്‍ ട്രെയിനുകളിൽ നാളെ മുതൽ ജനറൽ കമ്പാർട്ട്മെന്റ് പുനഃസ്‌ഥാപിക്കും