ന്യൂഡെൽഹി: കൊറോണ വൈറസിന്റെ മൂന്ന് വകഭേദങ്ങൾ കൂടി കണ്ടെത്തി. പുതിയ വകഭേദങ്ങളിൽ രണ്ടെണ്ണം രാജ്യത്ത് റിപ്പോർട് ചെയ്‌തു. ബി.1.617 മൂന്ന്, ബി.1.1.318 എന്നീ വകഭേദങ്ങളാണ് ഇന്ത്യയിൽ റിപ്പോർട് ചെയ്‌തത്. മൂന്നാം വകഭേദമായ ലാംഡ (സി.37) ഇന്ത്യയിൽ റിപ്പോർട് ചെയ്‌തിട്ടില്ല. എന്നാൽ വിവിധ രാജ്യങ്ങളിൽ ഈ വകഭേദം അതിവേഗം പടരുകയാണ്.
അതേസമയം, മൂന്നാം തരംഗത്തിന്റെ സാധ്യത രാജ്യത്ത് നിലനിൽക്കുന്നതിനാൽ വകഭേദങ്ങൾക്ക് എതിരെ കടുത്ത ജാഗ്രത പുലർത്തണം എന്നാണ് ആരോഗ്യ വിദഗ്‌ധരുടെ മുന്നറിയിപ്പ്. വിമാന സർവീസുകൾ പുനഃരാരംഭിക്കുന്നതോടെ ലാംഡ ഉൾപ്പടെയുള്ള കോവിഡ് വകഭേദങ്ങൾ ഇന്ത്യയിലേക്ക് എത്തുമെന്നും അധികൃതർ ആശങ്കപ്പെടുന്നു.
എന്നാൽ, ഡെൽറ്റ പ്ളസ് വകഭേദം അതിവേഗം പടരുന്നത് രാജ്യത്ത് ആശങ്ക വർധിപ്പിക്കുകയാണ്. ഇതുവരെ 50ൽ അധികം പേർക്ക് ഡെൽറ്റ പ്ളസ് സ്‌ഥിരീകരിച്ചെന്നാണ് റിപ്പോർട്.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 46,148 പേർക്ക് കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,02,79,331 ആയി ഉയർന്നു. 58,578 ആളുകളാണ് 24 മണിക്കൂറിനിടെ രോഗമുക്‌തി നേടിയത്. 96.8 ശതമാനമാണ് രോഗമുക്‌തി നിരക്ക്. 979 മരണങ്ങളും രാജ്യത്ത് റിപ്പോർട് ചെയ്‌തു. നിലവിൽ 5,72,994 സജീവ കേസുകളാണ് രാജ്യത്തുള്ളത്. 2,93,09,607 ആളുകൾ ഇതുവരെ രോഗമുക്‌തി നേടിയപ്പോൾ 3,96,730 പേർ കോവിഡ് മൂലം മരണപ്പെടുകയും ചെയ്‌തു.
Read also: ബീറ്റാ വകഭേദത്തെ നേരിടാൻ വാക്‌സിൻ ബൂസ്‌റ്റർ; പരീക്ഷണത്തിൽ കൈകോർത്ത് ഓക്‌സ്‌ഫോർഡ്, അസ്‌ട്രാസെനക്ക