62കാരനെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി; രണ്ട് പേർ അറസ്‌റ്റിൽ

By Desk Reporter, Malabar News
murder in wayanad

വയനാട്: മന്തംകൊല്ലിയിലെ ബിവറേജസ് കോർപറേഷൻ ഔട്ട് ലെറ്റിന് സമീപം 62കാരനെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി. ഫെയർലാൻഡ് ആനിമൂട്ടിൽ പീതാംബരൻ ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്‌ച അർധരാത്രിയോടെയാണ് സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേരെ ബത്തേരി പോലീസ് അറസ്‌റ്റ് ചെയ്‌തു.

ബിവറേജസ് ഔട്ട് ലെറ്റിന് സമീപത്തെ മെസ് ഹൗസിലെ ജീവനക്കാരനായ കാലടി മഞ്ഞപ്ര തേവർക്കൂട്ടം സനീഷ് (32), കോടതിപ്പടിയിലെ മേക്കാടൻ ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന തമിഴ്‌നാട് പാട്ടവയൽ സ്‌കൂളിലെ അധ്യാപകൻ ലോകനാഥൻ (40) എന്നിവരാണ് പിടിയിലായത്.

മദ്യലഹരിയിലായിരുന്ന പ്രതികളും പീതാംബരനും തമ്മിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. വെള്ളിയാഴ്‌ച രാത്രി ബിവറേജസ് ഔട്ട് ലെറ്റിന് സമീപമുള്ള മെസ് ഹൗസിന് അടുത്തിരുന്ന് മദ്യപിക്കുകയായിരുന്ന ലോകനാഥന്റെയും സനീഷിന്റെയും അടുത്തേക്ക് പീതാംബരൻ അസഭ്യം പറഞ്ഞെത്തിയതോടെ വാക്കുതർക്കം ഉണ്ടാവുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.

തുടർന്ന് പ്രകോപിതരായ പ്രതികൾ പീതാംബരനെ മർദ്ദിക്കുകയായിരുന്നു. സോഡാ കുപ്പികൊണ്ട് തലയ്‌ക്ക് അടിയേറ്റതാണ് മരണകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സനീഷാണ് സോഡാ കുപ്പികൊണ്ട് അടിച്ചത്. മൂക്കിന്റെയും നെറ്റിയുടെയും മധ്യത്തിലായാണ് അടികൊണ്ട് പൊട്ടിയത്. കൊലപാതകത്തിനു ശേഷം പ്രതികൾ മൃതദേഹം മെസ് ഹൗസിന്റെ എതിർവശത്തുള്ള റോഡരികിലെ ചാലിൽ കൊണ്ടുവന്നിട്ടു.

ഇതിനിടയിൽ ലോകനാഥൻ സമീപത്ത് താമസിക്കുന്ന എംഎസ് വിശ്വനാഥൻ എന്നയാളുടെ വീട്ടുവളപ്പിലേക്ക് ചാടിക്കടന്നു. ശബ്‌ദംകേട്ടുണർന്ന വീട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസെത്തി ഇയാളെ പിടികൂടിയപ്പോഴാണ് കൊലപാതകത്തെക്കുറിച്ച് അറിഞ്ഞത്.

തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ പാതയോരത്ത് നഗ്‌നമായ നിലയിൽ പീതാംബരന്റെ മൃതദേഹം കണ്ടെത്തി. ഇതിന് എതിർവശത്തുള്ള കടയുടെ തറയിലും പരിസരത്തും റോഡിന്റെ ഓരത്തും രക്‌തപ്പാടുകളും കണ്ടെത്തിയിരുന്നു.

രണ്ടാം പ്രതിക്കായി പോലീസ് നടത്തിയ പരിശോധനയിൽ സമീപത്തുതന്നെ ഒളിച്ചിരുന്ന സനീഷിനെയും പിടികൂടി. ബത്തേരി പോലീസ് ഇൻസ്‌പെ‌ക്‌ടർ സുനിൽ പുളിക്കലിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. കൊലപാതകം നടന്ന സ്‌ഥലത്ത് ഫോറൻസിക്, സയന്റിഫിക് വിഭാഗം ഉദ്യോഗസ്‌ഥർ പരിശോധന നടത്തി. സതിയാണ് പീതാംബരന്റെ ഭാര്യ. മക്കൾ: അഞ്‌ജന, അഞ്‌ജിത. മരുമകൻ: ഹരിപ്രസാദ്.

Most Read:  ബാലുശ്ശേരിയിൽ ഭിന്നശേഷിക്കാരിയായ യുവതിക്ക് മർദ്ദനം; സഹോദരനെതിരെ കേസ്

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE